അത്രയ്ക്ക് മോശക്കാരനായ കളിക്കാരനാണോ ഞാന്‍, വാക്കുകള്‍ ഇടറി ഇന്ത്യന്‍ താരം

ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ്് കരയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്ന പോകുന്നത്. വേണ്ടുവോളം പ്രതിഭയുണ്ടായിട്ടും കുല്‍ദീപിന് പലപ്പോഴും അര്‍ഹതപ്പെട്ട അവസരങ്ങള്‍ പോലും ലഭിക്കാറില്ല. മുന്‍ താരങ്ങളടക്കം ഇക്കാര്യം പലപ്പോഴും സൂചിപ്പിക്കാറുളളതാണ്.

ഇപ്പോഴിതാ തന്റെ ദുരവസ്ഥ വെളിപ്പെടുത്തി കുല്‍ദീപ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്പിന്നിന് അനുകൂലമായ അവസരത്തില്‍ പോലും ടീമിലുള്‍പ്പെടുത്താതെ പുറത്തിരുത്താന്‍ മാത്രം താന്‍ മോശക്കാരനാണോ എന്ന് കുല്‍ദീപ് ചോദിക്കുന്നത്.

‘കൊല്‍ക്കത്തയുടെ പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ഞാന്‍ അത്രയ്ക്കു മോശമാണോയെന്നു ആശ്ചര്യപ്പെട്ടു. ചെന്നൈയിലെ ടേണ്‍ ചെയ്യുന്ന പിച്ചില്‍ നടന്ന മല്‍സരങ്ങളിലും എനിക്കു കളിക്കാനായില്ല. എനിക്കു ശരിക്കും ഷോക്കായിരുന്നു അത്, പക്ഷെ ഒന്നും ചെയ്യാനായില്ല. ഇതു ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. അതുകൊണ്ടു തന്നെ അവരെ സമീപിച്ച് എന്തുകൊണ്ട് തന്നെ കളിപ്പിച്ചില്ല എന്നു ചോദിക്കുന്നത് തെറ്റായിപ്പോവും.’ കുല്‍ദീപ് പറയുന്നു

‘എന്താണ് സംഭവിക്കുന്നതെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. വളരെ ബുദ്ധിമുട്ടേറിയ സമയമാണിത്. ഒരുപക്ഷെ പഴയ കുല്‍ദീപ് ഇനിയില്ലെന്നു ഇടയ്ക്കു മനസ്സ് എന്നോടു പറയാറുണ്ട്. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കളിക്കാര്‍ക്കു വലിയ ആത്മവിശ്വാസമാണ് ലഭിക്കുക. എന്നാല്‍ നിങ്ങള്‍ എത്രത്തോളം മല്‍സരങ്ങളില്‍ പുറത്തിരിക്കുന്നുവോ അത്രത്തോളം കാര്യങ്ങള്‍ കടുപ്പമാവുകയും ചെയ്യും. കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കടുപ്പമായി മാറിയിരിക്കുകയാണ്’ കുല്‍ദീപ് പറഞ്ഞു.

‘മഹി ഭായി ഉണ്ടായിരുന്നപ്പോള്‍ ഞാനും ചഹലും ഒരുമിച്ച് കളിച്ചിരുന്നു. അദ്ദേഹം പോയത് മുതല്‍ ഞാനും ചഹലും ഒരുമിച്ച് കളിച്ചിട്ടില്ല. മഹി ഭായി പോയതിന് ശേഷം ഏതാനും മത്സരങ്ങള്‍ മാത്രമാണ് ഞാന്‍ കളിച്ചത്. വിക്കറ്റിന് പിന്നില്‍ നിന്നുള്ള ധോനിയുടെ നിര്‍ദേശങ്ങള്‍ ഒരുപാട് ഗുണം ചെയ്തിരുന്നു. ബൗളര്‍ക്ക് അങ്ങനെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു പങ്കാളി വേണം എന്നാണ് എന്റെ അഭിപ്രായം. റിഷഭ് പന്ത് ഇവിടെയുണ്ട്. കൂടുതല്‍ മത്സരം കളിക്കുംതോറും അത്തരം സംഭാവനകള്‍ നല്‍കാന്‍ പന്തും പ്രാപ്തമാകും’ കുല്‍ദീപ് പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യഘടകമായിരുന്ന കുല്‍ദീപിന് ഇന്ന് ഒരു ഫോര്‍മാറ്റിലേക്കും പരിഗണിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായി ലഭിച്ച അവസരം വേണ്ടവിധം മുതലാക്കാന്‍ താരത്തിനായുമില്ല. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമും പ്രഖ്യാപിച്ചപ്പോഴും കുല്‍ദീപ് തഴയപ്പെട്ടു.

 

You Might Also Like