കോഹ്ലിയെ അപമാനിച്ച ബംഗ്ലാദേശിന് ചുട്ടമറുപടിയുമായി കുൽദീപ്; ഇന്ത്യ – ബംഗ്ലാ പോരാട്ടം എപ്പോഴും വാശിയേറുന്നത് ഇത്തരം നിമിഷങ്ങളാലാണ്

Image 3
CricketTeam IndiaWorldcup

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്റി 20 ലോകകപ്പ് മത്സരം 50 റൺസിന് ഇന്ത്യ വിജയിച്ചെങ്കിലും, വാശിയേറിയ പോരാട്ടമായിരുന്നു കണ്ടത്. ക്രിക്കറ്റ് ആക്ഷനു പുറമെ, കളിക്കാരുടെ വൈകാരിക പ്രകടനങ്ങളും മത്സരത്തിൽ ശ്രദ്ധ നേടി.

ബംഗ്ലാദേശിന്റെ തൻസിം ഹസൻ സാക്കിബ് വിരാട് കോഹ്‌ലിയെ പുറത്താക്കിയ ശേഷം അഹങ്കാരം നിറഞ്ഞ ആംഗ്യത്തോടെ ആഘോഷിച്ചതോടെയാണ് ഇന്ത്യൻ താരങ്ങളും മത്സരം വ്യക്തിപരമായി എടുത്തത്. തുടർന്ന് ലിട്ടൺ ദാസ് പുറത്തായപ്പോൾ രോഹിത് ശർമ്മയും ആക്രമണോത്സുകമായി തന്നെ ആഘോഷിച്ചു. കൂടാതെ, സ്വതവേ സ്ലെഡ്ജിങ്ങിനൊന്നും പോകാത്ത കുൽദീപ് യാദവ് ബംഗ്ലാദേശി ബാറ്റർ തൻസിദ് ഹസനെ സ്ലെഡ്ജ് ചെയ്യുന്നതും ശ്രദ്ധ നേടി. കൊഹ്‌ലിയെ അപമാനിച്ചതിന് മറുപടിയായി കുൽദീപിന്റെ ആംഗ്യം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

ശനിയാഴ്ച അന്റിഗ്വയിൽ നടന്ന ഐസിസി ടി20 ലോകകപ്പ് സൂപ്പർ എട്ട്‌ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 50 റൺസിന് തോൽപ്പിച്ച് സെമിഫൈനൽ യോഗ്യതയിലേക്ക് ഇന്ത്യ ഒരു പടി കൂടി മുന്നേറി. ഹാർദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് പ്രകടനവും കുൽദീപ് യാദവിന്റെ വിനാശകരമായ ബൗളിംഗ് സ്പെല്ലുമാണ് മത്സരത്തിലെ പ്രധാന ഹൈലൈറ്റുകൾ. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളോടെ ഇന്ത്യ ഗ്രൂപ്പ് 1 പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ജൂൺ 24 ന് രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയുമായി ഇന്ത്യ കളിക്കും. രണ്ട് തോൽവികളോടെ ബംഗ്ലാദേശ് പട്ടികയിൽ നിലവിൽ അവസാന സ്ഥാനത്താണ്, ഇതോടെ സെമിഫൈനൽ റേസിൽ നിന്ന് ബംഗ്ലാദേശ് പുറത്തായി.

ഇന്ത്യയ്‌ക്കായി കുൽദീപ് (3/19) ആണ് ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത്, ബുംറ (2/13), അർഷ്‌ദീപ് (2/30) എന്നിവരും മികച്ച ബൗളിംഗ് നടത്തി. പാണ്ഡ്യയും ഒരു വിക്കറ്റ് നേടി.