എന്തൊരു വിഡ്ഢിത്തരമാണത്, ഗ്രീസ്മാന്റെയും ഒബമയാങ്ങിന്റെയും ഗോൾ സെലബ്രേഷനുകളെ പരിഹസിച്ചു ടോണി ക്രൂസ്‌

ഫുട്ബോളിൽ സഹജമായ ഒരു കാര്യമാണ് ഗോളടിച്ചതിനു ശേഷമുള്ള വ്യത്യസ്തങ്ങളായ ആഘോഷങ്ങൾ. ഓരോ താരങ്ങൾക്കും അവരുടേതായ ഗോൾ ആഘോഷങ്ങൾ ഉണ്ടെന്നത് മത്സരത്തിന്റെ ആവേശത്തിന് ഭംഗി കൂട്ടുന്നുമുണ്ട്. എന്നാൽ ഇത്തരം ആഘോഷങ്ങളെ കളിയാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജർമൻ സൂപ്പർതാരം ടോണി ക്രൂസ്. ഇത്തരം ആഘോഷങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതിനു പകരം മത്സരത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ടോണി ക്രൂസിന്റെ ഉപദേശം.

ജർമൻ മാധ്യമമായ ബിൽഡിനു നൽകിയ അഭിമുഖത്തിലാണ് ഇത്തരം ഗോൾ ആഘോഷങ്ങളെക്കുറിച്ച് ക്രൂസ് മനസുതുറന്നത്. പ്രധാനമായും ബാഴ്സതാരം ഗ്രീസ്മാന്റെയും ആഴ്‌സണൽ സൂപ്പർതാരം ഒബമയാങിന്റെയും ഗോൾ സെലിബ്രേഷനുകളെയാണ് ക്രൂസ് ചൂണ്ടിക്കാണിച്ചത്. ഇങ്ങനെ കാണിക്കുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നതെന്നും ഇത്തരത്തിലുള്ള കാട്ടികൂട്ടലുകൾ വിഡ്ഢിത്തരമാണെന്നും ക്രൂസ് അഭിപ്രായപ്പെട്ടു.

“എനിക്കത് മൂഢത്തരമായാണ് തോന്നിയത്. കൂടുതൽ മോശമായി തോന്നുന്നത് സോക്സിൽ എന്തെങ്കിലും വസ്തുക്കൾ ഒളിപ്പിച്ചു വെച്ചു അതുപയോഗിച്ച് ചെയ്യുമ്പോഴാണ്. ഒബാമായാങ് ഒരിക്കൽ അതു ചെയ്തിരുന്നു. ഒരു മാസ്ക് ഒക്കെ പുറത്തെടുത്തിട്ടുള്ളത്. അത് വളരെ അസ്സഹനീയമായി തോന്നി. ഇതൊരു നല്ല മാതൃകയായി എനിക്ക് തോന്നുന്നില്ല. എന്തൊരു വിഡ്ഢിത്തമാണത്.” ക്രൂസ് പറഞ്ഞു.

ഗ്രീസ്മാന്റെ ഫോർട്ട്‌നൈറ്റ് എന്ന വീഡിയോ ഗെയിമിൽ കാണുന്ന ഫിഡ്ജറ്റിങ് ഡാൻസ്‌ സെലിബ്രേഷനെയും ക്രൂസ് പരിഹസിച്ചു. എന്നാൽ ക്രൂസിനിഷ്ടപ്പെട്ട ഏക സെലിബ്രേഷൻ ജർമൻ ഇതിഹാസതാരമായ ഗെർഡ് മുള്ളറുടെയാണ്. പതുക്കെ ഉയർന്നു ചാടി ട്രൗസർ ഉയർത്തിയുള്ള സെലിബ്രേഷൻ വളരെ മികച്ചതായി തോന്നിയെന്നു ക്രൂസ് വ്യക്തമാക്കി.

You Might Also Like