അയാളെ ടീമിലെടുക്കാത്തത് വഞ്ചന, ടീം ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ലോകകപ്പ് ഹീറോയും

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ആധികാരികമായി തന്നെ ജയിച്ചെങ്കിലും ടീം ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഒഴിയുന്നില്ല. ടീം സെലക്ഷനെ സംബന്ധിച്ചാണ് പലഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ നിറയുന്നത്. മധ്യനിരയിലെ ഇന്ത്യയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളേറേയും.

അതിനിടെ ദീപക് ഹൂഡയെ ടീമിലെടുക്കാത്തതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. ഏകദിനത്തിലും ട്വന്റി-20യിലും മികച്ച പ്രകടനമാണ് ഹൂഡ കാഴ്ചവെച്ചതെന്നും അദ്ദേഹത്തിന് ടീമില്‍ ഒരു സ്ഥാനം അര്‍ഹിച്ചിരുന്നതായും ശ്രീകാന്ത് പറയുന്നു. ടോസിന് ശേഷം സ്‌പോട്‌സ് ഒടിടി ആപ്ലിക്കേഷനായ ഫാന്‍കോഡിനോട് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

‘ഹൂഡ എവിടെയാണ്? ടി-20യില്‍ മികച്ച പ്രകടനം അയാള്‍ പുറത്തെടുത്തിരുന്നു. ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അവന്‍ ടീമില്‍ ഉണ്ടായിരിക്കേണ്ട ആളാണ്. ടി-20 ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ഓള്‍റൗണ്ടര്‍മാരെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കണം. ബാറ്റിങ് ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍, അങ്ങനെ കൂടുതല്‍ ഓള്‍റൗണ്ടര്‍മാര്‍ ടീമിന് നല്ലതാണ്,’ ശ്രീകാന്ത് പറഞ്ഞു.

ഹൂഡക്ക് പകരം ശ്രേയസ് അയ്യരായിരുന്നു ഇന്ത്യയ്ക്കായി പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ അയ്യര്‍ പൂജ്യനായി മടങ്ങിയിരുന്നു.

ട്വന്റി-20 ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ട് മാസമായി മികച്ച പ്രകടനമാണ് ഹൂഡ കാഴ്ചവെക്കുന്നത്. 68.33 ശരാശരിയില്‍ 205 റണ്‍സ് അദ്ദേഹം ട്വന്റി-20യില്‍ സ്വന്തമാക്കിയിട്ടുണ്ട്. 172.26 സ്ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. അയര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ ഹൂഡ സെഞ്ച്വറി നേടിയിരുന്നു.

അതെസമയം മത്സരത്തില്‍ 68 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസിന് 122 റണ്‍സ് എടുക്കാനെ ആയുളളു.