കൂപ്പറുമായി ബ്ലാസ്റ്റേഴ്‌സ് ഒപ്പ് വെച്ചിരിക്കുന്നത് ഒരു വര്‍ഷത്തെ കരാറല്ല, വെളിപ്പെടുത്തല്‍

കേരള ബ്ലാസ്റ്റേഴ്‌സുമായി ഇംഗ്ലീഷ് താരം ഗാരി കൂപ്പര്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവെച്ചു എന്ന വാര്‍ത്തകളാണ് നേരത്തെ പുറത്ത് വന്നത്. എന്നാല്‍ കൂപ്പറുമായി ബ്ലാസ്റ്റേഴ്‌സ് ഒരു വര്‍ഷത്തേക്കല്ല കരാര്‍ ഒപ്പുവെച്ചതെന്നും അത് വെറും ആറ് മാസത്തേക്ക് മാത്രമാണെന്നുമുളള വാര്‍ത്തകളാണ് ഇപ്പോള്‍ സ്ഥിരീകരിക്കാനാകുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് ഒരു കോടി എണ്‍പത് ലക്ഷം രൂപയ്ക്ക് ബ്ലാസ്റ്റേഴ്‌സുമായി കൂപ്പര്‍ കരാര്‍ ഒപ്പിട്ടത്. കൂപ്പര്‍ക്കായി മത്സരിച്ച നിരവധി ക്ലബുകളെ മറികടന്നാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ ഒടുവില്‍ സ്വന്തമാക്കിയത്.

അതെസമയം ഏകദേശം 10 കോടിയോളം രൂപ മൂല്യമുണ്ടായിരുന്ന കൂപ്പറിന് സമീപകാലത്തേറ്റ പരിക്കാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ബ്ലാസ്റ്റേഴ്സിന് ലഭിക്കാന്‍ കാരണമായത്. പരുക്കുകളുടെ നിഴലിലാണു കുറച്ചു വര്‍ഷങ്ങളായി ഈ സ്ട്രൈക്കര്‍. കഴിഞ്ഞ സീസണില്‍ എ ലീഗിലെ അവസാന മത്സരങ്ങള്‍ പരുക്കുമൂലം നഷ്ടമായതും ചരിത്രം. എ ലീഗ് പുനരാരംഭിച്ചപ്പോള്‍ കോവിഡ് ഭീഷണി അവഗണിച്ച് കളിക്കാന്‍ പറന്നെത്തിയിട്ടും കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ല.

അതിനാല്‍ തന്നെ കൂപ്പറെ സ്വന്തമാക്കാനായെങ്കില്‍ താരം മുഴുവന്‍ ഫിറ്റ്നസിലും ടീമിനായി കളിക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്സിനെ ഭാഗ്യം തന്നെ തുണക്കണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ പോലെ കുറച്ച് സമയത്തിനുളളില്‍ തന്നെ നിരവധി മത്സരങ്ങള്‍ കൂപ്പര്‍ക്ക് കളിക്കാനുണ്ട് എന്നതിനാല്‍ താരം പരിക്കിന്റെ പിടിയിലാകാതിരിക്കാന്‍ പ്രാര്‍ത്ഥന മാത്രമേ ആരാധകര്‍ക്ക് മുന്നിലുളളു.

ബ്ലാസ്റ്റേഴ്സ് നായകന്‍ ഓഗ്ബെചെ ക്ലബ് വിട്ടതിന് പിന്നാലെയാണ് പകരക്കാരനായ കൂപ്പറെ കേരള ക്ലബ് പരിഗണിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ വെല്ലിങ്ടണ്‍ ഫീനിക്സിനായി മികച്ച ഫോമില്‍ പന്ത് തട്ടുന്ന താരമാണ് കൂപ്പര്‍.

കഴിഞ്ഞ സീസണില്‍ വെല്ലിങ്ടണിനായി 21 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളും അഞ്ച് അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എ ലീഗില്‍ വെല്ലിങ്ടണിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതില്‍ ഈ 32കാരന്‍ സ്ട്രൈക്കര്‍ വലിയ പങ്കാണ് വഹിച്ചത്. പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് വെനസ്‌ഡേ, നോര്‍വിച് സിറ്റി എന്നീ ക്ലബ്ബ്കള്‍ക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചത്. കൂടാതെ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലും നിരവധി വര്‍ഷങ്ങളോളം കൂപ്പര്‍ പന്ത് തട്ടിയിട്ടുണ്ട്.

You Might Also Like