ചെണ്ട സിറാജെന്ന് പരിഹസിച്ചവരെ, ഇതാ ഓട്ടോക്കാരന്റെ മകന്റെ ചുട്ടമറുപടി

Image 3
CricketIPL

ഐപിഎല്ലില്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്ന താരമാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. പലപ്പോഴും ഏറെ റണ്‍സ് വഴങ്ങുന്ന താരമെന്ന ചീത്തപ്പേരുളള സിറാജിനെ അതിരീക്ഷമായിട്ടാണ് ക്രിക്കറ്റ് പ്രേമികള്‍ വിമര്‍ശിക്കാറ്. ചെണ്ടയെന്നും, ദിന്‍ഡ അക്കാദമിയില്‍ നിന്നുള്ള പുതിയ ബൗളറെന്നുംവരെ സിറാജിനെ കളിയാക്കി വിളിക്കാറുണ്ട്.

എന്നാല്‍ കൊല്‍ക്കത്തക്കെതിരെ സിറാജ് പുറത്തെടുത്ത പ്രകടനം വിമര്‍ശകരുടെ വായടിപ്പിച്ച് കളഞ്ഞു. പേസും സ്വിഗും ഇടകലര്‍ത്തിയെറിഞ്ഞ സിറാജ് തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ(1)വിക്കറ്റിന് പിന്നില്‍ ഡിവില്ലിയേഴ്‌സിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് കൊല്‍ക്കത്തയെ വിറപ്പിച്ചു.

വിക്കറ്റ് മെയ്ഡനാക്കിയ ആ ഓവറിനുശേഷം തന്റെ തൊട്ടടുത്ത ഓവറില്‍ ടോം ബാന്റണെ കൂടി ഡിവല്ലിയേഴ്‌സിന്റെ കൈകളിലെത്തിച്ച് രണ്ടാമത്തെ വിക്കറ്റ് മെയ്ഡനുമെറിഞ്ഞ സിറാജ് ഐപിഎല്‍ ചരിത്രത്തില്‍ ഒരു അപൂര്‍വനേട്ടവും സ്വന്തമാക്കി.

പതിമൂന്ന് വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവര്‍ എറിയുന്ന ആദ്യ ബൗളറെന്ന നേട്ടമാണ് സിറാജ് സ്വന്തമാക്കിയത്. ആദ്യ രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ റണ്‍സ് വഴങ്ങതെ മൂന്ന് വിക്കറ്റായിരുന്നു സിറാജിന്റെ പേരില്‍. മൂന്നാം ഓവറില്‍ രണ്ട് റണ്‍സ് വഴങ്ങിയ സിറാജ് നാലാം ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ട് നല്‍കി മത്സരം പൂര്‍ത്തികരിച്ചു.

സിറാജിന്റെ മികവില്‍ കൊല്‍ക്കത്തയെ 85 റണ്‍സിന് ചുരുട്ടികെട്ടാനും ബംഗളൂരുവിന് ആയി. ഇതോടെ എട്ട് വിക്കറ്റിനാണ് ബംഗളൂരു ഐപിഎല്‍ വിജയം ആഘോഷിച്ചത്.