അരങ്ങേറ്റം ഗംഭീരമാക്കി അയ്യര്‍ രണ്ടാമന്‍, തകര്‍പ്പന്‍ പ്രകടനവുമായി ഗില്‍, ബംഗളൂരുവിന് നാണംകെട്ട തോല്‍വി

ഐപിഎല്ലില്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് കനത്ത തോല്‍വി. ഒന്‍പത് വിക്കറ്റിനാണ് ബംഗളൂരുവിനെ കൊല്‍ക്കത്ത തോല്‍പിച്ചത്. ബംഗളൂരു ഉയര്‍ത്തിയ 93 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍മാര്‍ സ്വപ്‌നസമാനമായ തുടക്കമാണ് നല്‍കിയത്. ശുഭ്മാന്‍ ഗില്ല് 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്ത് പുറത്തായി. ചഹലിനാണ് വിക്കറ്റ്. ഐപിഎല്ലില്‍ അരങ്ങേറിയ വെങ്ിടേഷ് അയ്യര്‍ 27 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 41 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. റസ്സല്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലിറങ്ങിയെങ്കിലും ബാറ്റ് ചെയ്യാനായില്ല.

നേരത്തെ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് 19 ഓവറില്‍ കേവലം 92 റണ്‍സിന് പുറത്താകുകയായിരുന്നു. മൂന്ന് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആേ്രന്ദ റസ്സലും നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയുമാണ് ബംഗളൂരു ബാറ്റിംഗിന്റെ നടുവൊടിച്ചത്. ലോഗിസ് ഫെര്‍ണാണ്ടസ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.

20 പന്തില്‍ മൂന്ന് ഫോര്‍ സഹിതം 22 റണ്‍സെടുത്ത ദേവ് ദത്ത് പടിക്കലാണ് ബംഗളൂരു ടീമിന്റെ ടോപ് സ്‌കോറര്‍. എസ് ഭരത് 16ഉം ഗ്രെന്‍ മാക്‌സ് വെല്‍ 10ഉം ഹര്‍ഷല്‍ പട്ടേല്‍ 12ഉം റണ്‍സെടുത്തു. മറ്റാര്‍ക്ക് ബംഗളൂരു നിരയില്‍ രണ്ടക്കം കടക്കാനായില്ല.

നായകന്‍ വിരാട് കോഹ്ലി അഞ്ചും എബി ഡിവില്ലേഴ്‌സ് പൂജ്യനായും മടങ്ങി. സച്ചിന്‍ ബേബി (7), ഹസരങ്ക (0), ജാമിസണ്‍ (4), സിറാജ് (8) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോര്‍.

You Might Also Like