11 ഓവര്‍ കഴിഞ്ഞപ്പോഴാണ് 17.3 ഓവറിന്റെ കഥയറിഞ്ഞത്, വെളിപ്പെടുത്തലുമായി കോഹ്ലി

ഐപിഎല്ലില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ലീഗ് റൗണ്ടിലെ അവസാന നാല് മത്സരവും തോല്‍ക്കാനായിരുന്നു വിരാട് കോഹ്ലി നയിച്ച ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിധി. എങ്കിലും റണ്‍റേറ്റിന്റെ കാരുണ്യത്തില്‍ ലീഗ് റൗണ്ടില്‍ മൂന്നാം സ്ഥാനത്തും അതുവഴി പ്ലേ ഓഫിലേക്കും യോഗ്യത നേടാന്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി.

കണക്കിലെ കളിയാണ് കോഹ്ലിയെയും കൂട്ടരെയും പ്ലേഓഫിലെത്തിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 17.3 ഓവറിനകം ഡല്‍ഹി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ബംഗളൂരു പുറത്തായേനെ (അല്ലെങ്കില്‍ ഹൈദരാബാദ് തോല്‍ക്കണം). എന്നാല്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹിയുടെ ജയം.

ഇതോടെ 14 മത്സരങ്ങളില്‍ 7 വീതം ജയവും തോല്‍വിയുമുള്ള ബാംഗ്ലൂര്‍ -0.172 റണ്‍ റേറ്റ് കുറിച്ച് പ്ലേഓഫിലെത്തി. എന്നാല്‍ 17.3 ഓവറില്‍ ഡല്‍ഹിയെ കളി ജയിപ്പിക്കരുതെന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നാണ് കോഹ്ലി പറയുന്നത്.

‘മത്സരത്തിന്റെ 11ാം ഓവറിലാണ് 17.3 ഓവറില്‍ ഡല്‍ഹിയെ കളി ജയിപ്പിക്കരുതെന്ന കാര്യം മാനേജ്‌മെന്റ് അറിയിക്കുന്നത്. ഇതോടെ മധ്യ ഓവറുകളില്‍ മത്സരം നിയന്ത്രിക്കാന്‍ സാധിച്ചു. പ്ലേഓഫിന് അര്‍ഹമായ ക്രിക്കറ്റ് ഞങ്ങള്‍ കളിച്ചുവെന്നാണ് എന്റെ വിശ്വാസം. പവര്‍പ്ലേയില്‍ പന്തുകൊണ്ട് കൂടുതല്‍ മികവ് കാട്ടാന്‍ സാധിക്കും എന്നതാണ് കരുതുന്നത്’ കോഹ്ലി പറഞ്ഞു.

പതിവില്‍ നിന്നും വ്യത്യസ്തമായി മികച്ച ഫോമിലാണ് ബംഗളൂരുവിന്റെ ബോളിംഗ് നിരയുള്ളത്. ക്രിസ് മോറിസ്, നവദീപ് സൈനി, മുഹമ്മദ് സിറാജ്, ഇസിരു ഉദാന, യുസ്വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സന്ദര്‍ഭത്തിനൊത്ത് തിളങ്ങുന്നുണ്ട്. എന്നാല്‍ നിലവില്‍ ബാറ്റിംഗ് നിരയാണ് ടീമിന് തലവേദന സൃഷ്ടിക്കുന്നത്.

You Might Also Like