റിവ്യൂവിനായി കോഹ്ലിയോട് കരഞ്ഞ് പന്ത്, ഒടുവില്‍ സംഭവിച്ചത്

ഇംഗ്ലണ്ടിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കളിക്കളത്തില്‍ രസകരമായ ചില സംഭവവികാസങ്ങളും അരങ്ങേറി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ റിവ്യൂവിനായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നിര്‍ബന്ധിയ്ക്കുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകത്ത് ചിരിപടര്‍ത്തിയത്.

മത്സരത്തിന്റെ ഇരുപത്തിയൊന്നാം ഓവറില്‍ സിറാജ് എറിഞ്ഞ മൂന്നാം പന്തില്‍ സാക്ക് ക്രോളിയുടെ വിക്കറ്റ് ലഭിക്കുവാനായി നായകന്‍ കോഹ്ലി നല്‍കിയ റിവ്യൂ പാഴായിരുന്നു. ഇതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യന്‍ നായകനെ കൂടുതല്‍ ആശയക്കുഴപ്പത്തില്‍ പെടുത്തിയാണ് അഞ്ചാം പന്ത് കടന്ന് പോയത്.

എന്നാല്‍ ഇംഗ്ലീഷ് താരം സാക്ക് ക്രോളിയുടെ ബാറ്റില്‍ പന്ത് ഉരസി എന്ന് ഉറപ്പുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ റിഷാബ് പന്ത് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ മുന്‍പാകെ ഏറെ അപ്പീല്‍ ചെയ്ത് നോക്കിയെങ്കിലും വിക്കറ്റ് നല്‍കുവാന്‍ അമ്പയര്‍ തയ്യാറായില്ല. ഇതോടെ റിവ്യുവിന് ചലഞ്ച് ചെയ്യണമോയെന്ന് ആശയകുഴപ്പത്തിലായി ഇന്ത്യന്‍ നായകന്‍. നേരത്തെ ഒരു റിവ്യൂ നഷ്ടപ്പെട്ടതിനാല്‍ ഇനിയൊരു സാഹസത്തിന് മുതിരാന്‍ കോഹ്ലിയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല.

എന്നാല്‍ റിഷഭ് പന്ത് അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കോഹ്ലിയോട് ആ റിവ്യൂവിന് വേണ്ടി തന്നാല്‍ കഴിയുന്ന വിധത്തില്‍ പന്ത് വാദിക്കുകയായിരുന്നു. ഇതോടെ മനസ്സില്ലാ മനസ്സോടെ കോഹ്ലി ആ റിവ്യൂ വിളിക്കാന്‍ തയ്യാറായി. മൂന്നാം അമ്പയറുടെ പരിശോധനയില്‍ പന്തിന്റെ വാദം ശരിയാണെന്ന് തെളിയുകയും ഇന്ത്യയ്ക്ക് സാക്ക് ക്രോളിയുടെ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. ഇതോടെ പൊട്ടിച്ചിരിച്ചാണ് കോഹ്ലിയും പന്തും ആ നിമിഷം ആഘോഷിച്ചത്.

എന്നാല്‍ ആ സമയത്ത് കമന്ററി ബോക്‌സിലുണ്ടായിരുന്നു മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ ചില പരാമര്‍ശങ്ങളും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. വിക്കറ്റിന് പിന്നില്‍ ന്നും ധോണിയുടെ ഉപദേശവും ഒപ്പം അദ്ദേഹത്തിന്റെ എക്‌സ്പീരിയന്‍സ് കൂടി മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.

You Might Also Like