കോഹ്ലി ലോകകപ്പ് കളിയ്ക്കാനുളള രാഹുലിന്റെ അവസരം തകര്‍ത്തു, തുറന്നടിച്ച് ഇന്ത്യന്‍ താരം

വരുന്ന ടി20 ലോകകപ്പില്‍ ഓപ്പണറായി കളിക്കാമെന്ന കെഎല്‍ രാഹുലിന്റെ മോഹം വിരാട് കോഹ്ലി തകര്‍ത്തതായി വിലയിരുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിതീന്ദര്‍ സോധി. അഫ്ഗാനിസ്ഥാനെതിരായ വിരാട് കോഹ്ലിയുടെ കന്നി ടി20 സെഞ്ച്വറിയാണ് കെഎല്‍ രാഹുലിന് പകരം ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് വിരാട് കോഹ്ലിയെ പരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും രാഹുല്‍ ദ്രാവിഡും തീരുമാനമെടുക്കുന്നതിലേക്ക് എത്തിക്കുന്നതെന്നാണ് റിതീന്ദര്‍ സോധി വിലയിരുത്തുന്നത്.

ശനിയാഴ്ച ഇന്ത്യ ന്യൂസ് സ്പോര്‍ട്സിനോട് സംസാരിച്ചപ്പോഴാണ് സോധി ഇക്കാര്യം പറഞ്ഞത്. ഐസിസി ടി20 ലോകകപ്പില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാനുള്ള രാഹുലിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിക്കാന്‍ കോഹ്ലിക്ക് കഴിഞ്ഞതായും സോധി തുറന്നടിച്ചു.

”വിരാട് സെറ്റായാല്‍ അവനെ നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവുമില്ല. അതിനാല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള ഏറ്റവും മികച്ചയാള്‍ അവനാണ്. ബൗണ്ടറികള്‍ക്കായി നല്ല പന്തുകളെ ശിക്ഷിക്കാന്‍ കോഹ്ലിയ്ക്ക് കഴിയും. മികച്ച ബൗളര്‍മാരെ നേരിടുമ്പോള്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ഇത് വളരെ പ്രധാനമാണ്. അതിനാല്‍ അഫ്ഗാനിസ്ഥാനെതിരായ കോഹ്ലിയുടെ പ്രകടനത്തിന് ശേഷം സെലക്ടര്‍മാരും മാനേജ്മെന്റും അദ്ദേഹത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയേക്കാം’ സോധി പറഞ്ഞു.

ഏഷ്യകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോഹ്ലി പുറത്തെടുത്തത്. 61 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും സഹിതം പുറത്താകാതെ 121 റണ്‍സാണ് കോഹ്ലി നേടിയത്. 200 സ്‌ട്രൈക്ക് റേറ്റില്‍ ആണ് കോഹ്ലിയുടെ പ്രകടനം.

You Might Also Like