ഐപിഎല്ലിലും അങ്ങനെ ചെയ്യും, വെളിപ്പെടുത്തലുമായി കോഹ്ലി, സഞ്ജുവിന് നിരാശ

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ട്വന്റി20യില്‍ ഓപ്പണറായി ഇറങ്ങിയ പരീക്ഷണം വിജയിച്ചതോടെ വരുന്ന ഐപിഎലിലും താന്‍ ഓപ്പണറായി ഇറങ്ങുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇതോടെ ടി20യില്‍ കോഹ്ലി ഓപ്പണറുടെ റോളിലേക്ക് മാറുമെന്ന് ഏറെ കുറെ ഉറപ്പായി.

ഐപിഎലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ക്യാപ്റ്റനാണ് കോലി. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മയും (34 പന്തില്‍ 64) കോലിയും (52 പന്തില്‍ പുറത്താകാതെ 80) മിന്നിയതോടെ ഇന്ത്യ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് കുറിച്ചു. ഭുവനേശ്വര്‍ കുമാര്‍ (215), ഷാര്‍ദൂല്‍ താക്കൂര്‍ (345) എന്നിവര്‍ ബോളിങ്ങില്‍ തിളങ്ങിയതോടെ ഇന്ത്യ 36 റണ്‍സിന്റെ വിജയത്തിലുമെത്തി.

അതെസമയം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയ്ല്‍സിന് കാര്യങ്ങള്‍ അത്ര ശുഭകരമായല്ല പോകുന്നത്. കൈമുട്ടിനേറ്റ പരുക്ക് അലട്ടുന്ന ഇംഗ്ലണ്ട് പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയും ഐപിഎലിലെ ആദ്യ മത്സരങ്ങളും നഷ്ടമാകും. ആര്‍ച്ചറെ ഒഴിവാക്കി ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ചു.

നാളെ പുണെയിലാണ് മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കു തുടക്കം. ചികില്‍സയ്ക്കായി ഇംഗ്ലണ്ടിലേക്കു മടങ്ങിയ ആര്‍ച്ചര്‍ക്ക് ഏപ്രില്‍ 9ന് തുടങ്ങുന്ന ഐപിഎലിലെ ആദ്യ മത്സരങ്ങളും നഷ്ടമാകും. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പ്രധാന താരങ്ങളിലൊരാളാണ് ആര്‍ച്ചര്‍.

 

You Might Also Like