കോഹ്ലിയ്ക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റനാരാകും? പ്രവചനവുമായി ശ്രീശാന്ത്

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും യുഗമാണ്. ഇരുവര്‍ക്കും ശേഷം ടീം ഇന്ത്യ എങ്ങനെയായിരിക്കും. ആരായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കുക. ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളിയും മുന്‍ ഇന്ത്യന്‍ പേസറുമായ എസ് ശ്രീശാന്ത്.

അടുത്തിടെ ഹെലോ ആപ്പില്‍ നടന്ന തത്സമയ പരിപാടിയിലാണ് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ ശ്രീശാന്ത് തിരഞ്ഞെടുത്തത്. ശ്രീശാന്തിന്റെ നിരീക്ഷണത്തില്‍ കര്‍ണാടക താരമായ കെഎല്‍ രാഹുലായിരിക്കും വരുംഭാവിയില്‍ ദേശീയ ടീമിനെ നയിക്കുക.

നിലവില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളില്‍ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കെഎല്‍ രാഹുല്‍. ഇതേസമയം, താരത്തിന്റെ നായകപാടവം ക്രിക്കറ്റ് ലോകം ഇനിയും കണ്ടിട്ടില്ല. പുതിയ ഐപിഎല്‍ സീസണില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനാണ് താരം. എന്നാല്‍ കൊറോണ കാരണം ഐപിഎല്‍ അനിശ്ചിതത്വത്തിലായ സ്ഥിതിക്ക് ക്യാപ്റ്റന്‍ തൊപ്പിയണിയാന്‍ കെഎല്‍ രാഹുലിന് കാത്തിരിക്കേണ്ടി വരും.

നേരത്തെ റിഷഭ് പന്തിനെ തള്ളി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പരിവേഷവും രാഹുല്‍ സ്വന്താക്കിയിരുന്നു. ഓസ്ട്രേലിയയുമായുള്ള പരമ്പരയ്ക്കിടെ റിഷഭ് പന്തിന് പരിക്കേറ്റപ്പോഴാണ് കെഎല്‍ രാഹുല്‍ ഗ്ലൗസണിഞ്ഞത്. വിക്കറ്റിന് പിന്നിലെ താരത്തിന്റെ പ്രകടനം കണ്ടപ്പോള്‍ രാഹുലിനെ പതിവു കീപ്പറാക്കാന്‍ കോഹ്ലിയും മുന്‍കൈയ്യെടുത്തു. ആ പരമ്പരയില്‍ ഉടനീളം കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായത്.