ആര്‍സിബി നായക സ്ഥാനവും കോഹ്ലി ഒഴിയണമെന്ന് പരിശീലകന്‍

ഇന്ത്യയുടെ ടി20 ടീമിന്റെ നായക സ്ഥാനം ഒഴിയുന്ന വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയണമെന്ന് ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ്മ. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതോടെ കോഹ്ലി കുറേക്കൂടി ഫ്രീയാകുമെന്നും അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെ തുണയ്ക്കുമെന്നും മുന്‍ രഞ്ജി താരം കൂടിയായ രാജ്കുമാര്‍ പറഞ്ഞു.

‘അദ്ദേഹം ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഫ്രാഞ്ചൈസിക്ക് വേണ്ടി ബാറ്റ്‌സ്മാനായിത്തന്നെ കളിക്കണം. അത് അദ്ദേഹത്തിനു ഗുണം ചെയ്യും. ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇത് അദ്ദേഹത്തെ സഹായിക്കും.”  രാജ്കുമാര്‍ പറഞ്ഞു.

ഐസിസി ട്രോഫികളില്ല എന്നത് ഒരു കുറവല്ല എന്നും രാജ്കുമാര്‍ ശര്‍മ്മ വ്യക്തമാക്കി. കോഹ്ലി മൂന്ന് ഫോര്‍മാറ്റുകളിലെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ്. എത്ര ഐസിസി ട്രോഫികള്‍ നേടിയെന്ന് പരിഗണിച്ച് ഒരു ക്യാപ്റ്റനെ വിലയിരുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് താന്‍ ടി-20 ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിരമിക്കുമെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. ഈ വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിനു ശേഷമാവും വിരമിക്കല്‍. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് വിരാട് പറയുന്നു. ഒന്‍പത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യില്‍ ബാറ്റ്സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിക്കുന്നു.

You Might Also Like