‘രണ്ടാം ടെസ്റ്റും തോറ്റാല്‍ കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞേക്കും’

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കൂടി ഇന്ത്യ തോറ്റാല്‍ വിരാട് കോഹ്ലി നായകസ്ഥാനം ഒഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ഇംഗ്ലീഷ് താരം മോണ്ടി പനേസര്‍. രഹാന ക്യാപ്റ്റന്‍സിയില്‍ മികവ് കാട്ടിയതോടെ കോഹ്ലി വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്നും പനേസര്‍ വിലയിരുത്തുന്നു.

‘എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് കോഹ്ലി. എന്നാല്‍ കോഹ്ലിക്ക് കീഴില്‍ ടീം മികവ് കാണിക്കുന്നില്ല. കോഹ്ലി നായകനായ കഴിഞ്ഞ 4 ടെസ്റ്റുകളുടെ ഫലം നമുക്ക് മുന്‍പിലുണ്ട്. തുടരെ നാല് ടെസ്റ്റ് തോറ്റുകഴിഞ്ഞു. അടുത്ത ടെസ്റ്റിലും തോറ്റ് ആ കണകക്ക് അഞ്ചിലേക്ക് എത്തിയാല്‍, കോഹ് ലി നായക സ്ഥാനം ഉപേക്ഷിക്കും എന്നാണ് എനിക്ക് തോന്നുന്നത്’ പനേസര്‍ പറഞ്ഞു.

‘ചെന്നൈ ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ ജയം അവിശ്വസനീയമായിരുന്നു. ടീമിനുള്ളില്‍ എത്രമാത്രം ആത്മവിശ്വാസമുണ്ടെന്ന് ആ അഞ്ച് ദിവസത്തെ കളിയില്‍ പ്രകടമായിരുന്നു. ഈ വിധം മുന്‍പില്‍ നിന്ന് നയിച്ച ജോ റൂട്ട് കയ്യടി അര്‍ഹിക്കുന്നു. ഏറെ നാള്‍ ആഘോഷിക്കപ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഈ ജയം’ പനേസര്‍ പറഞ്ഞു.

ചെന്നൈ ടെസ്റ്റില്‍ 227 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്‍പില്‍ തോല്‍വിയിലേക്ക് വീണത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. കോഹ് ലിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം ആദ്യം ന്യൂസിലാന്‍ഡില്‍ രണ്ട് ടെസ്റ്റുകള്‍ ഇന്ത്യ തോറ്റിരുന്നു. ഓസ്ട്രേലിയയില്‍ അഡ്ലെയ്ഡില്‍ കോഹ് ലിക്ക് കീഴില്‍ ഇന്ത്യ തകര്‍ന്നടിയുകയുമുണ്ടായി.

You Might Also Like