കോഹ്ലിയും രാഹുലും തകര്‍ത്തത് ആ പാക് പ്രൗണ്ട് റെക്കോര്‍ഡ്

Image 3
CricketCricket News

പാകിസ്ഥാനെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം സ്വന്തമാക്കാന്‍ ആയ സന്തോഷത്തിലാണ് ടീം ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ 128 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി റിസര്‍വ്വ് ദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കെഎല്‍ രാഹുലും വിരാട് കോഹ്ലിയും കാഴ്ച്ചവെച്ചത്.

ഇരുവരുടെയും സെഞ്ചുറി മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ വിജയലക്ഷ്യമായി പാകിസ്ഥാന് മുന്‍പില്‍ ഉയര്‍ത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏഷ്യ കപ്പില്‍ തകര്‍പ്പന്‍ റെക്കോര്‍ഡ് ഇരുവരും കുറിച്ചിരിക്കുകയാണ്.

മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്നുകൊണ്ടാണ് ഇരുവരും ഇന്ത്യയെ വമ്പന്‍ സ്‌കോറിലേക്ക് കുറിച്ചത്. കോഹ്ലി 94 പന്തില്‍ പുറത്താകാതെ 122 റണ്‍സ് നേടിയപ്പോള്‍ കെ എല്‍ രാഹുല്‍ 106 പന്തില്‍ 111 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ 235 റണ്‍സ് ഇരുവരും കൂട്ടിചേര്‍ത്തു.

ഏഷ്യ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 2012 ഏഷ്യ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ 224 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുഹമ്മദ് ഹഫീസ്, നാസിര്‍ ജംഷീദ് സഖ്യത്തെയാണ് കോഹ്ലിയും കെ എല്‍ രാഹുലും മറികടന്നത്.

ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും പാക് സഖ്യം തന്നെയാണ് ഉള്ളത്. 2004 ല്‍ ഹോങ്കോങിനെതിരെ 223 റണ്‍സ് കൂട്ടിചേര്‍ത്ത ഷോയിബ് മാലിക്ക് യൂനിസ് ഖാന്‍ സഖ്യവും ഈ ഏഷ്യ കപ്പില്‍ നേപ്പാളിനെതിരെ 214 റണ്‍സ് കൂട്ടിചേര്‍ത്ത ബാബര്‍ അസം ഇഫ്തിഖാര്‍ അഹമ്മദ് സഖ്യവുമാണ് മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഉള്ളത്. 2014 ല്‍ ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനെതിരെ 213 റണ്‍സ് കൂട്ടിചേര്‍ത്തു കോഹ്ലിയും അജിങ്ക്യ രഹാനെയുമാണ് അഞ്ചാം സ്ഥാനത്തുള്ളത്.