പൊറുക്കാനാകാത്ത തെറ്റില്‍ നീറി നായകന്‍, നാണംകെട്ട് തലതാഴ്ത്തി കോഹ്ലി
ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെഎല്‍ രാഹുല്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടിപ്പോള്‍ അത് ക്രിക്കറ്റില്‍ അവിശ്വസനീയ ഇന്നിംഗ്‌സിന്റെ കാഴ്ച്ചവിരുന്നതായി. തെന്നലായി തുടങ്ങി കൊടുങ്കാറ്റായി പരിണമിച്ച ക്ലാസിക്ക് സെഞ്ച്വറിയില്‍ സ്തംഭിച്ച് പോയ ബംഗളൂരുവിന് ഈ തിരിച്ചടി ഒരു മുറിവായി ഏറെ നാള്‍ വേട്ടയാടും എന്ന് ഉറപ്പ്.
രാഹുല്‍ സെഞ്ച്വറി നേടിയത് മാത്രമല്ല ബംഗളൂരുവിന് ബാധിച്ച മുറിവ്. നായകന്‍ വിരാട് കോഹ്ലി നേരിട്ട അപമാനം കൂടിയായി മാറി ഈ മത്സരം.
രാഹുല്‍ വ്യക്തിഗത സ്‌കോര്‍ 84ലും 90ലും നില്‍ക്കെ ബംഗളൂരു നായകന്‍ കൂടിയായ കോഹ്ലി രണ്ട് തവണ രാഹുലിന്റെ ക്യാച്ച് നിലത്തിട്ടാണ് നാണംകെട്ടത്. മികച്ച ഫീല്‍ഡറെന്ന് പേരുളള കോഹ്ലിയ്ക്ക് ഈ അപമാനം താങ്ങാനാകുന്നതിലും അപ്പുറമായിരുന്നെന്ന് പിന്നീട് അദ്ദേഹത്തിന്റെ മാനറിസത്തില്‍ നിന്നും വ്യക്തം. ഇതോടെ ഭാഗ്യത്തെ കൂടി കൂടെ ചേര്‍ത്തായിരുന്നു രാഹുലിന്റെ റണ്‍വേട്ട.
അതുവരെ മെല്ല മാത്രം മുന്നേറിയ രാഹുലിന്റെ ഇന്നിംഗ്‌സ് സംഹാര താണ്ഡവമായി മാറുന്നതും ക്രിക്കറ്റ് ലോകം കണ്ടു. 19ാം ഓവറില്‍ സ്‌റ്റെയിനെ എടുത്ത് പെരുമാറിയ രാഹുല്‍ 26 റണ്‍സാണ് അടിച്ച് കൂട്ടിയത്. 20ാം ഓവറില്‍ അതുവരെ നന്നായി എറിഞ്ഞ ദുബെയ്‌ക്കെതിരെ കരുണ്‍ നായരുടെ ഏഴ് റണ്‍സ് സംഭാവന കൂടി ചേര്‍ത്ത് 23 റണ്‍സും രാഹുല്‍ അടിച്ചെടുത്തു.
മത്സരത്തില്‍ കേവലം 69 പന്തില്‍ 14 ഫോറും ഏഴ് സിക്‌സും സഹിതമായിരുന്നു രാഹുല്‍ പുറത്താകാതെ 132 റണ്‍സ് അടിച്ചെടുത്തത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറായി ഇത് മാറി.