കോഹ്ലിയെ തേടി അത്യപൂര്‍വ്വ നേട്ടം, തകര്‍ത്തത് ജയവര്‍ധനയുടെ റെക്കോര്‍ഡ്

Image 3
CricketTeam India

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തേടി അത്യപൂര്‍വ്വ റെക്കോര്‍ഡ്. ടീമിലെ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആരും 30 റണ്‍സിനു മുകളില്‍ നേടാതെയിരുന്ന മത്സരത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ ഒറ്റയ്ക്ക് 70 റണ്‍സിന് മുകളില്‍ നേടിയ റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് കോഹ്ലി.

അഞ്ചു പ്രാവശ്യമാണ് ഇതുവരെ കോഹ്ലിയുടെ ഇന്നിങ്‌സില്‍ ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. കോഹ്ലിക്ക് പിറകില്‍ നാലു തവണ ഇതേ നേട്ടം ആവര്‍ത്തിച്ച ശ്രീലങ്കയുടെ മഹേല ജയവര്‍ധനയും, രണ്ടു പ്രാവശ്യം ഈ നേട്ടത്തിലെത്തിയ എട്ടുപേരുമുണ്ട്.

അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി-20യില്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ മത്സരിച്ച് പവലിയനിലേക്ക് മടങ്ങിയപ്പോഴും നായകന്റെ ഇന്നിംഗ് പുറത്തെടുക്കുകയായിരുന്നു കോഹ്ലി. മത്സരത്തില്‍ പുറത്താകാതെ നേടിയ 77 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്.

എന്നാല്‍ കോഹ്ലിയുടെ കരുത്തില്‍ നേടിയ 156 റണ്‍സ് പോരായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍. എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പിച്ചത്. ടീം തോറ്റുപോയെങ്കിലും വ്യത്യസ്തമായ റെക്കോര്‍ഡ് നേടാനായ ആശ്വാസത്തിലാണ് കോഹ്ലി .