ചാമ്പ്യന്‍മാരെയെല്ലാം തകര്‍ത്തു, ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് കോഹ്ലി-ഡിവില്ലേഴ്‌സ് കൂട്ടുകെട്ട്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജൈത്രയാത്ര തുടരുകയാണ്. ഐപിഎല്‍ മുന്‍ ചാംപ്യന്മാരെല്ലാം അവരുടെ കരുത്തിന്റെ ചൂടറിഞ്ഞു. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരെല്ലാം കോലിപ്പടയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരെയായിരുന്നു ബാംഗ്ലൂരിന്റെ ജയം.

ഇന്നലെ കോഹ്ലി- എബി ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ 100 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതില്‍ ഡിവില്ലിയേഴ്സായിരുന്നു അപകടകാരി. 33 പന്തുകള്‍ മാത്രം നേരിട്ട ഡിവില്ലിയേഴ്്സ് 73 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതിനിടെ ഒരു റെക്കോഡ് കോഹ്ലി- ഡിവില്ലിയേഴ്സ് സഖ്യത്തെ തേടിയെത്തി. ഐപിഎല്ലില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യ കൂട്ടുകെട്ടെന്ന റെക്കോര്‍ഡാണ് ഇരുവരേയും തേടിയെത്തിയത്.

ഇരുവരും ഇതുവരെ 3034 റണ്‍സാണ് നേടിയത്. 2787 റണ്‍സെടുത്ത ക്രിസ് ഗെയ്ല്‍- കോലി കൂട്ടുകെട്ട് രണ്ടാമതും 2357 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് മൂന്നാമതുമാണ്. ഐപിഎല്‍ ചരിത്രത്തില്‍ 10 സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കുന്ന ആദ്യ സഖ്യമെന്ന റെക്കോഡും ഇരുവരും സ്വന്തമാാക്കി. ഗെയ്ല്‍- കോലി സഖ്യം 9 സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായിട്ടുണ്ട്. വാര്‍ണര്‍- ധവാന്‍ സഖ്യം സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ആറ് തവണ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായി. വാര്‍ണര്‍- ജോണി ബെയര്‍സ്റ്റോ, റോബിന്‍ ഉത്തപ്പ- ഗൗതം ഗംഭീര്‍ എന്നീ ജോഡികള്‍ അഞ്ച തവണ സെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായിട്ടുണ്ട്.

മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി കൃത്യമായ മുന്നൊരുക്കവും പദ്ധതികളുമായാണ് ബാംഗ്ലൂര്‍ ഇത്തവണ കളിക്കുന്നതെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി വ്യക്തമാക്കി. ബൗളര്‍മാരുടെ മികവ് ടീമിന് കരുത്താണെന്നും കോഹ്ലലി പറഞ്ഞു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിലെ തന്റെ ബാറ്റിംഗ് പ്രകടനം അത്ഭുതപ്പെടുത്തിയെന്ന് ഡിവിലിയേഴ്സ്. സ്‌കോര്‍ 194ല്‍ എത്തുമെന്ന് കരുതിയില്ലെന്നും ഡിവിലിയേഴ്സ് പറഞ്ഞു

You Might Also Like