ധോണിയും കോഹ്ലിയും യുവിയെ വഞ്ചിച്ചു, ടീം ഇന്ത്യയെ തീപിടിപ്പിച്ച് വീണ്ടും ആരോപണം

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ഹീറോ യുവരാജ് സിംഗിനെ ഇന്ത്യന്‍ താരങ്ങളായ മഹേന്ദ്രസിങ് ധോണിയും വിരാട് കോഹ്ലിയും ചതിച്ചതായി പിതാവ് യോഗ്‌രാജ് സിങ്ങിന്റെ ആരോപണം. ഇവരെ കൂടാതെ സെലക്ടര്‍മാരും യുവരാജിനോട് നീതികാട്ടിയില്ലെന്ന് പിതാവ് തുറന്ന് പറയുന്നു.

ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് ഒരുക്കാന്‍ ടീമിന് സാധിക്കാതെ പോയ സാഹചര്യത്തിലാണ് യോഗ്‌രാജിന്റെ വിമര്‍ശനം.

‘ധോണിയും, കോഹ്ലിയും മാത്രമല്ല സെലക്ടര്‍മാര്‍ പോലും യുവരാജിനെ ചതിച്ചെന്ന് ഞാന്‍ പറയും. അടുത്തിടെ ഞാന്‍ രവിയെ (ശാസ്ത്രി) കണ്ടിരുന്നു. അദ്ദേഹം ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാന്‍ എന്നെ ക്ഷണിച്ചു. എല്ലാ പ്രമുഖ താരങ്ങള്‍ക്കും അവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ നല്ലൊരു യാത്രയയപ്പ് നല്‍കാനുള്ള ചുമതല ഇന്ത്യന്‍ ടീമിനുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ധോണിയും കോഹ്ലിയും രോഹിത് ശര്‍മയുമൊക്കെ വിരമിക്കുമ്പോള്‍ നല്ലൊരു യാത്രയയപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു. കാരണം, ഇന്ത്യന്‍ ക്രിക്കറ്റിനായി വളരെയധികം സംഭാവനകള്‍ നല്‍കിയവരാണ് അവര്‍. യുവരാജിനെ ഒട്ടേറെപ്പേര്‍ പിന്നില്‍നിന്ന് കുത്തിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്’ യോഗ്രാജ് പറഞ്ഞു.

മുന്‍പും മഹേന്ദ്രസിങ് ധോണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് യോഗ്‌രാജ് സിങ്. മുന്‍ ഇന്ത്യന്‍ താരം കൂടിയാണ് അറുപത്തിരണ്ടുകാരനായ യോഗ്‌രാജ്. ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളുമാണ് കളിച്ചത്

‘ഇന്ത്യന്‍ സിലക്ടര്‍ ശരണ്‍ദീപ് സിങ് എല്ലാ സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളിലും യുവരാജിനെ ഒഴിവാക്കണമെന്ന് വാദിച്ചിരുന്ന വ്യക്തിയാണ്. ക്രിക്കറ്റിന്റെ എബിസിഡി അറിയാത്ത ഇത്തരക്കാരെയാണോ സെലക്ടറാക്കുന്നത്? അവരില്‍നിന്ന് ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാനാണ്? പിന്നില്‍നിന്ന് കുത്തുന്നത് എപ്പോഴും വേദനിപ്പിക്കുന്നതാണ്.’ യോഗ്രാജ് കൂട്ടിചേര്‍ത്തു,

2011ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ സുരേഷ് റെയ്‌ന ഉള്ളതിനാല്‍ യുവരാജിന്റെ ആവശ്യമില്ലെന്ന് സിലക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി നല്‍കിയ പിന്തുണ തനിക്ക് ധോണിയില്‍നിന്നോ വിരാട് കോലിയില്‍നിന്നോ ലഭിച്ചില്ലെന്ന് യുവരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.