എന്നാാലും എന്റെ മഹീ.. ചങ്ക് തകര്‍ന്ന് കോഹ്ലി പറയുന്നു

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ധോണിയുടേത് തികച്ചും അവിശ്വസിനീയമായ ഒരു വിടവാങ്ങലാണെന്നും. ധോണിയുടെ വിടവാങ്ങല്‍ ഏറെ വേദന നല്‍കുന്ന ഒന്നാണെന്നും വിരാട് കോഹ്ലി പറയുന്നു. രാജ്യത്തിനായി ധോണി നല്‍കിയ സംഭാവനകള്‍ എല്ലാക്കാലവും ജനഹൃദയങ്ങളില്‍ നിലനില്‍ക്കുമെന്നും കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.

‘ഓരോ ക്രിക്കറ്റ് കളിക്കാരനും ഒരു ദിവസം തന്റെ യാത്ര അവസാനിപ്പിക്കണം, എന്നാല്‍ നിങ്ങള്‍ അടുത്തറിയുന്ന ആരെങ്കിലും ആ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍, ആ വേദന വളരെ വലുതാകും. രാജ്യത്തിനായി നിങ്ങള്‍ ചെയ്തതെല്ലാം എല്ലാവരുടെയും ഹൃദയത്തില്‍ നിലനില്‍ക്കും.’ കോഹ്ലി ട്വീറ്റ് ചെയ്തു.

ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഐ.പി.എല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോള്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന സെമിയാണ് ധോണിയുടെ കരിയറിലെ അവസാന മത്സരം.

538 മത്സരങ്ങള്‍, 17266 റണ്‍സുകള്‍, 16 സെഞ്ച്വറികള്‍, 108 അര്‍ധ സെഞ്ച്വറികള്‍, 359 സിക്സുകള്‍. 829 പുറത്താക്കലുകള്‍ എന്നിവയാണ് പടയിറങ്ങുമ്പോള്‍ ധോണിയുടെ മാറാപ്പിലുള്ളത്. ഈ കണക്കുകള്‍ക്കും അപ്പുറം കോടിക്കണക്കിന് ആരാധകമനസില്‍ തന്റേതായ ഒരിടം ആയാള്‍ നേടിക്കഴിഞ്ഞിരുന്നു. അതിന് ഒരുവിധ സ്ഥാനചലനവും ഉണ്ടാവില്ല എന്നുറപ്പ്.

You Might Also Like