കോഹ്ലി ആര്‍സിബിയുടെ ക്യാപ്റ്റനായി തിരിച്ചുവരണമെന്ന് ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്ലിലെ പുതിയ സീസണിലും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരിന്റെ നായകനായി വിരാട് കോഹ്ലി തന്നെ വരുന്നതാണ് ടീമിന് ഏറ്റവും നല്ലതെന്ന് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ബംഗളൂരുവിന് അവര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള കോഹ്ലിയുടെ തിരിച്ചുവരവായിരിക്കുമെന്ന് അഗാര്‍ക്കര്‍ വിലയിരുത്തുന്നു.

‘വിരാട് കോഹ്ലിക്ക് ആര്‍സിബിയുടെ നായകസ്ഥാനം ഒരിക്കല്‍ക്കൂടി ഏറ്റെടുക്കാനാകുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. ഇതുവരെ പുറത്തെടുത്ത അതേ ആവേശത്തോടും സന്തോഷത്തോടുംകൂടെ വീണ്ടും മുന്നില്‍നിന്ന് നയിക്കാന്‍ കോഹ്ലിക്ക് സാധിച്ചാല്‍, അതാണ് ആര്‍സിബി നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം’ അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

‘റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂര്‍ ടീമിനെ നാം ഇത്രകാലമായി കാണുന്നതാണ്. ഏറ്റവും മികച്ച താരങ്ങള്‍ക്കായി പണം മുടക്കി, നല്ലൊരു ടീമിനെ പടുത്തുയര്‍ത്താന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല’ അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

‘ആര്‍സിബി എക്കാലവും ആദ്യ മൂന്നു ബാറ്റര്‍മാരെ അമിതമായി ആശ്രയിക്കുന്ന ടീമായിരുന്നു. അവര്‍ക്ക് കരുത്തുള്ളൊരു മധ്യനിര രൂപപ്പെടുത്താന്‍ ഒരിക്കലും സാധിച്ചിട്ടില്ല. ഇത്തവണയും താരലേലത്തില്‍ മുടക്കാന്‍ കയ്യില്‍ പണമില്ലെങ്കില്‍ മധ്യനിരയുടെ അവസ്ഥ അങ്ങനെ തന്നെ തുടരാനാണ് സാധ്യത’ അഗാര്‍ക്കര്‍ മുന്നറിയിപ്പു നല്‍കി.

‘എത്ര നല്ല താരമായാലും ഒരാളില്‍ത്തന്നെ ആശ്രയിക്കുന്നത് ഒരു ടീമിനും ഭൂഷണമല്ല. ഒരു താരത്തിന് വ്യക്തിഗത മികവുകൊണ്ട് മത്സരം ജയിപ്പിക്കാന്‍ സാധിച്ചേക്കാം. പക്ഷേ, ടൂര്‍ണമെന്റില്‍ കിരീടം സമ്മാനിക്കാനാകില്ല’ അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സീസണിനു തൊട്ടുപിന്നാലെയാണ് ഐപിഎല്‍ നായകസ്ഥാനം രാജിവയ്ക്കുന്നതായി വിരാട് കോഹ്ലി പ്രഖ്യാപിച്ചത്. ഇതുവരെ മറ്റൊരു നായകനെ കണ്ടെത്താന്‍ ആര്‍സിബിയ്ക്ക് സാധിച്ചിട്ടില്ല.