അക്കാര്യത്തില്‍ മാത്രം കോഹ്ലിയേക്കാള്‍ മുന്നില്‍ താനെന്ന് ശുഭ്മാന്‍ ഗില്‍

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റില്‍ മിസ്റ്റര്‍ പെര്‍ഫെക്ടാണ് വിരാട് കോഹ്ലി. തനിയ്ക്ക് വഴങ്ങുന്ന എല്ലാ കാര്യത്തിലും 100 ശതമാനം പൂര്‍ണ്ണത വേണമെന്ന് കോഹ്ലിയ്ക്ക് നിര്‍ബന്ധമുണ്ട്. എന്നാല്‍ കോഹ്ലി ഒരു കാര്യത്തില്‍ തന്നോട് തോല്‍വി സമ്മതിയ്ക്കുമെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍. അത് ക്രിക്കറ്റിലല്ല ഗെയ്മിന്റെ കാര്യത്തിലാണെന്നാണ് ഗില്‍ പറഞ്ഞത്.

‘ഫിഫ ഗെയിം അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. എന്നാല്‍ എപ്പോഴും എന്നോട് തോല്‍ക്കും’-ഗില്‍ പറഞ്ഞു.

വീഡിയോ ഗെയിമിനെ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് വിരാടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കോഹ്ലിതന്നെ അദ്ദേഹത്തിന്റെ വീഡിയോ ഗെയിമിനോടുള്ള താല്‍പര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

പരിശീലനത്തില്‍ വിരാട് കോലി കൂടുതല്‍ കളിക്കാനിഷ്ടപ്പെടുന്ന കായിക ഇനവും ഫുട്ബോളാണ്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത ചാരിറ്റി ഫുട്ബോള്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ആ മത്സരത്തില്‍ തിളങ്ങിയിരുന്നു.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ നടക്കുന്ന ഫൈനിലായി ജൂണ്‍ 2നാവും ഇന്ത്യന്‍ ടീം പുറപ്പെടുക. 20 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരങ്ങളെയെല്ലാം പരിഗണിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ന്യൂസീലന്‍ഡിനെതിരായ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.