കൗട്ടീഞ്ഞോയെ ആവശ്യമുണ്ട്, ആദ്യ ഇലവൻ ഉറപ്പു നൽകി കൂമാൻ

Image 3
FeaturedFootball

ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ്‌ കിരീടം സ്വന്തമാക്കിയെങ്കിലും ഈ സീസണോടെ ബാഴ്‌സയിലേക്ക് തിരികെപ്പോകാനൊരുങ്ങുകയാണ് ഫിലിപ്പെ കൂട്ടീഞ്ഞോ. മത്സരശേഷം കൂട്ടീഞ്ഞോ തന്നെ അക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ്‌ കൂമാൻ കൂട്ടീഞ്ഞോയെ ഫോണിൽ നേരിട്ട് ബന്ധപ്പെടുകയും താരത്തെ ബാഴ്സക്ക് ആവിശ്യമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ്.

സ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ആയിരുന്നു കൂട്ടീഞ്ഞോ ബാഴ്സയിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിക്കിൽ എത്തിയത്. ഈ സീസണിൽ ബയേണിന് വേണ്ടി 36 മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ താരം അടിച്ചിരുന്നു. തുടക്കത്തിൽ കുറച്ചു ബുദ്ദിമുട്ടിയെങ്കിലും പിന്നീട് താരം പഴയ മികവിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

താരത്തെ വിളിക്കുന്നതിനു മുൻപ് തന്നെ അഭിമുഖത്തിൽ തന്നെ കൂട്ടീഞ്ഞോക്ക് തന്റെ ടീമിൽ ഇടമുണ്ടെന്ന് കൂമാൻ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം കൂട്ടീഞ്ഞോയോട് കൂമാൻ നേരിട്ട് പറയുകയും ചെയ്തു. ആദ്യം ചാമ്പ്യൻസ് ലീഗ് നേടിയതിൽ താരത്തെ അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഭാവി പദ്ധതികളെ കുറിച്ച് സംസാരിച്ചത്.

കൂമാന്റെ ഇഷ്ടതാരമാണ് കൂട്ടീഞ്ഞോ എന്നാണ് അറിയാൻ കഴിയുന്നത്. കൂട്ടീഞ്ഞോയുടെ യഥാർത്ഥ പൊസിഷനായ അറ്റാക്കിങ് മിഡ്ഫീൽഡർ സ്ഥാനം താരത്തിന് ഉറപ്പു നൽകിയിട്ടുണ്ട്. കൂടാതെ ആദ്യഇലവനിൽ തന്നെ സ്ഥാനം കൂമാൻ ഉറപ്പു നൽകുന്നു. ഏന്തായാലും കൂട്ടീഞ്ഞോയെ പഴയ മികവിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് കൂമാൻ. വരുന്ന സീസണിൽ കൂമാനു കീഴിൽ കൂട്ടിഞ്ഞോ പന്തു തട്ടിയേക്കും.