സൂപ്പർകോപ്പ ഫൈനൽ തോൽവി, റെഡ് കാർഡ് കിട്ടിയ മെസിയെ പിന്തുണച്ച് കൂമാൻ

2015ലെ സൂപ്പർകോപ്പ ഫൈനൽ തോൽവിക്കു ശേഷം വീണ്ടും അത്ലറ്റിക് ബിൽബാവോക്കെതിരെ ഫൈനലിൽ അവിശ്വസനീയം തോൽവി രുചിച്ചിരിക്കുകയാണ്‌ ബാഴ്‌സലോണ. സൂപ്പർതാരം ലയണൽ മെസി റെഡ് കാർഡ് കണ്ടു പുറത്തായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബിൽബാവോ വിജയം കൈപ്പിടിയിലാക്കി കിരീടം ചൂടിയത്.

ബാഴ്സക്കായി അന്റോയിൻ ഗ്രീസ്മാൻ ഇരട്ട ഗോളുകൾ സ്വന്തമാക്കിയപ്പോൾ എക്സ്ട്രാ ടൈമിൽ ഇന്യാക്കി വില്യംസിന്റെ ഗോളിലാണ് ബിൽബാവോ വിജയം സ്വന്തമാക്കുന്നത്. എക്സ്ട്രാ ടൈമിൽ ബിൽബാവോ താരം അസിയർ വിയ്യാലിബ്രെയെ കൈകൊണ്ടിടിച്ചു വീഴ്ത്തിയതിന് റെഡ് കാർഡ് കണ്ട് മെസിക്ക് പുറത്തു പോവേണ്ടി വന്നിരുന്നു. എന്നാൽ ഈ സംഭവത്തിനു മെസിക്ക് കൂടുതൽ മത്സരങ്ങളിൽ വിലക്ക് വരുമെന്നുള്ള റിപ്പോർട്ടുകളും ഉയർന്നു വന്നിട്ടുണ്ട്.

ബിൽബാവോ താരത്തെ അടിച്ചു വീഴ്ത്തിയതിന് മെസിക്ക് റഫറി ഗിൽ മസാനോ റെഡ് കാർഡ് വിധിച്ചുവെങ്കിലും താരത്തിനു പിന്തുണയുമായി കൂമാൻ രംഗത്തെത്തിയിരിക്കുകയാണ്. മെസിയുടേത് ഒരു സ്വാഭാവിക പ്രതികരണം മാത്രമാണെന്നാണ് കൂമാൻ അവകാശപ്പെട്ടത്. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മെസിയെന്താണ് ചെയ്തതെന്നത് എനിക്കു മനസിലാക്കാൻ സാധിക്കും. അവനെ എത്ര പ്രാവശ്യം ഫൗൾ ചെയ്തുവെന്നു എനിക്കറിയില്ല. എന്നാൽ ഡ്രിബിൾ ചെയ്തു മുന്നേറാൻ ശ്രമിക്കുമ്പോൾ അവർ എപ്പോഴും ഇങ്ങനെ ഫൗൾ ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ പ്രതികരിക്കുന്നത് സ്വഭാവികമാണ്. പക്ഷെ എനിക്കു ഒന്നുകൂടി അത് നോക്കികാണേണ്ടതുണ്ട്. ” കൂമാൻ പറഞ്ഞു

You Might Also Like