ബാഴ്സയുടെ ഭാവിവാഗ്ദാനത്തെ കൈവിടുന്നു, കൂമാന്റെ ബാഴ്സയിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി

Image 3
FeaturedFootballLa Liga

ബാഴ്സ അക്കാഡമിയിലൂടെ ഉയർന്നു വന്ന ഭാവി താരമാകുമെന്നു പ്രതീക്ഷിച്ചിരുന്ന റിക്കി പുജ്ജിന് കൂമാന്റെ ബാഴ്സയിൽ സാധ്യതകൾ മങ്ങുകയാണ്. താരം ലോണിൽ മറ്റേതെങ്കിലും ക്ലബിലേക്കു ചേക്കേറുന്നത് ഗുണകരമാണെന്ന് നിർദേശിച്ചിരിക്കുകയാണ് പരിശീലകനായ കൂമാൻ. ബാഴ്സലോണയിൽ ഈ സീസണിലും തുടരുകയാണെങ്കിൽ അവസരങ്ങൾ കുറയുന്നത് താരത്തിന്റെ വളർച്ചയെ ബാധിക്കുമെന്നാണ് കൂമാന്റെ പക്ഷം.

ബാഴ്സയുടെ പതിവു ശൈലിയിൽ നിന്നും വ്യത്യസ്തമായി 4-2-3-1 എന്ന ഫോർമേഷനിലാണ് കൂമാൻ ടീമിനെ ഇറക്കുന്നത്. വിങ്ങുകളിലും ഡബിൾ പിവറ്റായും കളിപ്പിക്കാൻ കഴിയാത്തതിനാൽ താരത്തിന് കൂമാന്റെ ഫോർമേഷനിൽ സാധ്യതയുള്ളത് അറ്റാക്കിംഗ് മിഡ്ഫീൽഡ് ആണ്. എന്നാൽ മെസി, ഗ്രീസ്മാൻ, കുട്ടീന്യോ എന്നിങ്ങനെ പ്രതിഭാധനരായ വമ്പൻ താരങ്ങൾ ടീമിലുള്ളത് പുജ്ജിന്റെ അവസരങ്ങൾ കുറക്കുമെന്നാണ് കൂമാൻ കരുതുന്നത്.

“പുജ്ജിന് ബാഴ്സയുടെ പദ്ധതികളിൽ ഇല്ലെന്നത് സത്യമല്ല. ഞാൻ എല്ലാ യുവതാരങ്ങളോടും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. അവർ കളിക്കണമെന്നും അവസരങ്ങൾ കുറയരുത് എന്നുമുള്ള അഭിപ്രായമാണ് എനിക്കുള്ളത്. പുജ്‌ജ്, പെഡ്രി, അലീന്യ എന്നിവർക്ക് ഒരുപാട് മത്സരം മറ്റുതാരങ്ങളിൽ നിന്നും നേരിടേണ്ടി വരും.

ലോണിൽ മറ്റേതെങ്കിലും ക്ലബിലേക്ക് പോവുന്നതാണ് ഉചിതമെന്നു പുജ്ജിനോടു ഞാൻ വ്യക്തമാക്കിയിരുന്നു. യുവതാരങ്ങൾ ബെഞ്ചിലിരിക്കാതെ മത്സരങ്ങൾ കളിക്കുകയാണ് അവർക്കു നല്ലത്. എന്നാൽ ഇക്കാര്യത്തിൽ അവസാന തീരുമാനം അവരുടേതു തന്നെയാണ്.” കൂമാൻ എൽച്ചെയുമായുള്ള മത്സരശേഷം വ്യക്തമാക്കി. കഴിഞ്ഞ ദിവസം എൽച്ചെക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ പുജ്ജിന് ടീമിൽ ഇടം നേടാനായിരുന്നില്ല. കൂമാൻ കൈ വിട്ടതോടെ താരത്തെ ബാഴ്സ ലോണിൽ വിടാനാണു സാധ്യതയുള്ളത്.