ഐബാറിനോട് സമനില, ബാഴ്സക്കിനി കിരീടം നേടുക ബുദ്ധിമുട്ടെന്ന് കൂമാൻ

2020ലെ അവസാന മത്സരത്തിൽ ദുർബലരായ ഐബാറിനെതിരെ സ്വന്തം തട്ടകത്തിൽ സമനില വഴങ്ങേണ്ടി വന്നിരിക്കുകയാണ്. സൂപ്പർതാരം ലയണൽ മെസിക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ ഐബാറിന്റെ കികെ ഗാർഷ്യയുടെ ഗോളിനു ഡെമ്പെലെയിലൂടെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു ബാർസ. ഇതോടെ ജയിച്ചാൽ മൂന്നാം സ്ഥാനത്തേക്കുയരുമായിരുന്ന ബാഴ്സ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

യുവപ്രതിരോധതാരം റൊണാൾഡ്‌ അറോഹോയുടെ പിഴവിൽ ഗോൾ കണ്ടെത്തിയതും ബാഴ്സ സ്‌ട്രൈക്കർ ബ്രാത്വൈറ്റ് പെനാൽറ്റി പാഴാക്കിയതുമാണ് ബാഴ്സക്ക് തിരിച്ചടിയായത്. ഇതോടെ രണ്ടു മത്സരങ്ങൾ കുറവ് കളിച്ച ഒന്നാം സ്ഥാനത്തുള്ള മാഡ്രിഡുമായുള്ള ബാഴ്സയുടെ വ്യത്യാസം 7ആയി ഉയർന്നിരിക്കുകയാണ്. ഈ അവസ്ഥയിൽ ബാഴ്സക്ക് കിരീടം നേടാനാവില്ലെന്നാണ് പരിശീലകനായ കൂമാന്റെ പക്ഷം. മത്സരശേഷം നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു യഥാസ്ഥിതികനായി പറയുകയാണെങ്കിൽ കിരീടം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ഒന്നും അസാധ്യമല്ലെങ്കിലും അകലം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. അത്ലറ്റിക്കോ മികച്ച രീതിയിൽ കളിക്കുന്നതാണ് കാണാനാകുന്നത്. കൂടുതൽ ശക്തരുമാണ്. അവർ കൂടുതൽ ഗോളുകൾ വഴങ്ങുന്നുമില്ല. ഞങ്ങൾ ജയം അർഹിച്ചിരുന്നു. ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തു.”

” അവർ ഒരു വട്ടം മാത്രമേ ഗോളിനു വേണ്ടി ശ്രമിച്ചുള്ളൂ. ഞങ്ങൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. പക്ഷെ ഞങ്ങൾ കിട്ടിയ പെനാൽറ്റി മിസ്സാക്കുകയും പ്രതിരോധത്തിൽ പിഴവ് വരുത്തുകയും ചെയ്തു. ഞങ്ങൾ ജയിക്കാനാവുന്നതെല്ലാം ചെയ്തു. നിരവധി പ്രാവശ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്. ” കൂമാൻ അഭിപ്രായപ്പെട്ടു.

You Might Also Like