പ്യാനിച്ചിനെ മുൻ നിർത്തി കൂമാൻ തന്ത്രം, ചാമ്പ്യൻസ്‌ലീഗിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങി ബാഴ്സലോണ

പുതിയ പരിശീലകനായ കൂമാനു കീഴിൽ ചാമ്പ്യൻസ്‌ലീഗിന്റെ ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങൾക്കായുള്ള  മുന്നൊരുക്കത്തിലാണ് ബാഴ്സലോണ. ഗ്രൂപ്പ്‌ ജിയിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും ഹംഗേറിയൻ ക്ലബ്ബായ ഫെറെൻക്വാരോസും ഉക്രെനിയൻ വമ്പന്മാരായ ഡൈനമോ കീവുമാണ് ബാഴ്‌സലോണയ്ക്ക് എതിരാളികളായുള്ളത്. യുവന്റസും ബാഴ്സയുമാണ് ഗ്രൂപ്പിലെ വമ്പന്മാരെങ്കിലും ഡൈനമോ കീവും ബാഴ്സക്ക് ചെറിയ രീതിയിലെങ്കിലും ഭീഷണിയാവാൻ സാധ്യത കാണുന്നുണ്ട്.

സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ യുവന്റസ് തന്നെയായിരിക്കും ഗ്രൂപ്പിൽ ബാഴ്സക്ക് ഏറ്റവും ഭീഷണിയുയർത്തുകയെങ്കിലും എല്ലാ  എതിരാളികളെയും കൂടുതൽ പഠിച്ച്  മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ നടത്തി നേരിടാനാണ് കൂമാന്റെ ശ്രമം. ഗ്രൂപ്പിൽ ഒന്നാമതായി തന്നെ ഫിനിഷ് ചെയ്ത് നോക്കോട്ട് മത്സരങ്ങളിലേക്ക് മികച്ച രീതിയിൽ തന്നെ മുന്നേറാനാണ് കൂമാന്റെ നീക്കം.

യുവന്റസിനെ മറികടക്കാൻ യുവന്റസ് താരം പ്യാനിച്ചിന്റെ സഹായം തേടുമെന്നും കൂമാൻ വെളിപ്പെടുത്തി. ഏറെക്കാലം യുവന്റസിന്റെ തന്ത്രങ്ങളിലെ നട്ടെല്ലായിരുന്ന പ്യാനിച്ചിന്റെ സഹായം ബാഴ്സക്ക് ഗുണകരമാവുമെന്ന് തന്നെയാണ് കൂമാന്റെ പ്രതീക്ഷ. ക്രിസ്ത്യാനോയുടെ അനുഭവജ്ഞാനവും പരിചയ സമ്പത്തും ജുവന്റസിനെ ശക്തമായ ടീമാക്കിയിട്ടുണ്ടെന്നും കൂമൻ ചൂണ്ടിക്കാണിക്കുന്നു. “

വളരെയധികം പ്രധാനപ്പെട്ട കോമ്പറ്റിഷൻ ആണിത്. ഞങ്ങൾ മികച്ച ടീമാണെങ്കിലും അതു കളിക്കളത്തിൽ തെളിയിക്കേണ്ടതുണ്ട്.ഞങ്ങളുടെ തട്ടകത്തിൽ വെച്ച് ഫെറെൻക്വാരോസുമായുമായാണ് മത്സരങ്ങൾക്ക് തുടക്കമാവുന്നത്. പ്രധാനമത്സരം തന്നെയാണതും. എതിരാളികളെക്കുറിച്ച് കൂടുതൽ പഠിച്ച് ഞങ്ങൾ തയ്യാറാവേണ്ടതുണ്ട്. യുവന്റസ് എല്ലാ സീസണിലും അവർ ശക്തമായ ടീമാണെന്ന് തെളിയിക്കുന്നുണ്ട്. ഒപ്പം അനുഭവജ്ഞാനത്തിലും മികച്ച താരമായ ക്രിസ്ത്യാനോ റൊണാൾഡോയും അവർക്കുണ്ട്. ഞങ്ങൾക്ക് പ്യാനിച്ച് ഉണ്ട്, അദ്ദേഹത്തിനു യുവന്റസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിച്ചേക്കും.” കൂമാൻ അഭിപ്രായപ്പെട്ടു.

You Might Also Like