മെസി ബാഴ്സയുടെ പ്രധാനപ്പെട്ട താരം, വിമർശനങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് കൂമാൻ

Image 3
FeaturedFootballLa Liga

ബയേണിനോടേറ്റ നാണംകെട്ട തോൽവിയെ തുടർന്ന് പുറത്താക്കിയ കീക്കെ സെറ്റിയന് പകരക്കാരനായാണ് റൊണാൾഡ് കൂമാൻ ബാഴ്സയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. തുടർന്ന് താരം മെസിയെ കണ്ടെങ്കിലും മെസി ബാഴ്സ വിടുമെന്ന നിലപാടിൽ തുടരുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ലാലിഗ കൂടി ബാഴ്‌സയെ പിന്തുണച്ചതോടെ മെസി ബാഴ്സയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

എങ്കിലും മെസിയും കൂമാനും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലെന്നു പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.എന്നാൽ അത്തരം അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി കൊണ്ട് കൂമാൻ നേരിട്ട് ഇതിനെക്കുറിച്ച്‌ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മെസി പരിശീലനത്തിനായി ബാഴ്സയ്ക്കൊപ്പം ചേർന്നത്. അന്ന് മുതൽ ഇന്ന് വരെയുള്ള മെസിയുടെ പരിശീലനത്തിന്റെ പുരോഗതി കൂമാൻ വിലയിരുത്തിയിരിക്കുകയാണ്.

പരിശീലനത്തിന് ശേഷം മെസിയെ പുകഴ്ത്താനും കൂമാൻ മറന്നില്ല.” മെസി മികച്ച താരമാണ്. ഇക്കാര്യം മുമ്പ് എത്രയോ തവണ ഞാൻ പറഞ്ഞതുമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ബാഴ്സയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണെന്നു മെസി തെളിയിച്ചതുമാണ്. തീർച്ചയായും അദ്ദേഹം ഏറ്റവും പ്രധാനപ്പെട്ട താരമാണ്. ഈ സീസണിലും അദ്ദേഹം അത്‌ തെളിയിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.”

ബാഴ്സയുടെ പരിശീലനത്തെ പറ്റി സംസാരിക്കാനും കൂമാൻ സമയം കണ്ടെത്തി.” പരിശീലനം വളരെയധികം പോസിറ്റീവായിരുന്നു. രണ്ടാഴ്ച്ചയായി ഞങ്ങൾ നടത്തുന്ന പരിശീലനം മികച്ച രീതിയിൽ തന്നെയാണ് തുടരുന്നത്. ആദ്യത്തെ ആഴ്ച്ച ശാരീരികക്ഷമതക്കും ഈ ആഴ്ച്ച മത്സരതന്ത്രങ്ങൾക്കുമാണ് പ്രാധാന്യം നൽകിയത്. എല്ലാ താരങ്ങളും പൂർണമായും പരിശീലനത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ആ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്.” കൂമാൻ ബാഴ്സ ചാനലിനോട് വെളിപ്പെടുത്തി.