കൂമാന്റെ ഈ തീരുമാനം തെറ്റിയില്ല, പിക്വെക്കു പകരക്കാരനെ കണ്ടെത്തി കൂമാൻ
ഈ സീസണിൽ നിരവധി യുവപ്രതിഭകൾക്ക് ബാഴ്സയിൽ അവസരം നൽകാൻ ബാഴ്സ പരിശീലകനായ റൊണാൾഡ് കൂമാനു സാധിച്ചിട്ടുണ്ട്. അത്തരത്തിൽ കൂമാൻ അവസരം നൽകിയ പുതിയ യുവപ്രതിഭയാണ് ലാമസിയയിലൂടെ വളർന്നു വന്ന സ്പാനിഷ് പ്രതിരോധതാരം ഓസ്കാർ മിൻഗ്വേസ. പരിക്കേറ്റ ജെറാർഡ് പിക്കെക്കു പകരക്കാരനായി ഡൈനമോ കീവിനെതിരായ ചാമ്പ്യൻസ്‌ലീഗ് മത്സരത്തിലാണ് കൂമാൻ ഈ 21കാരന് അവസരം നൽകിയത്.
അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ലാലിഗ മത്സരത്തിൽ അത്ലറ്റിക്കോ താരം എയ്ഞ്ചൽ കൊറെയയുമായുള്ള കൂട്ടിയിടിയിൽ പരിചയസമ്പന്നനായ ജെറാർഡ് പിക്കെക്കേറ്റ പരിക്കു ബാഴ്സയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. ചാമ്പ്യൻസ്‌ലീഗിൽ കൂമാൻ ബാഴ്സ ബി താരമായ മിൻഗ്വേസക്ക് അവസരം നൽകിയത് ബാഴ്സക്ക് പുതിയ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഡൈനമോ കീവിനെതിരെ മികച്ച പ്രകടനമാണ് ഈ യുവതാരം കാഴ്ച വെച്ചത്. മത്സരത്തിൽ ക്‌ളീൻഷീറ്റടക്കം നാലു ഗോളിനു വിജയിച്ചാണ് ബാഴ്സ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്.
https://twitter.com/sbotopofcl/status/1331432421753978889?s=19
അരങ്ങേറ്റമത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച മിൻഗ്വേസയെ പ്രശംസിക്കാനും കൂമാൻ മറന്നില്ല. “മിൻഗ്വേസക്ക് ഈ പുരോഗതി ഇനിയും തുടരാനാവും. അവൻ ബാഴ്സയിൽ ഒരുപാടുകാലം ചെലവഴിച്ച ഒരു യുവതാരമാണ്. അവനു ഇവിടുത്തെ ഫിലോസഫിയും ഞങ്ങൾ എങ്ങനെയാണു കളിക്കാൻ ആഗ്രഹിക്കുന്നതെന്നും അവനു നല്ല പോലെ അറിയാം. അവനു ഇനിയും കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്. നിലവിലെ പ്രകടനത്തിലൂടെ മികച്ച ഒരു മതിപ്പുണ്ടാക്കാൻ അവനു സാധിച്ചിട്ടുണ്ട്. കൂടുതൽ ആത്മവിശ്വാസം കണ്ടെത്തേണ്ടത് നിലവിൽ ഞങ്ങൾക്കും അവനും പ്രധാനപ്പെട്ട കാര്യമാണ്.” കൂമാൻ പറഞ്ഞു.
നാലു മുതൽ അഞ്ചു മാസം വരെ പുറത്തിരിക്കുന്ന പിക്കെക്കു പകരക്കാരനായി വന്ന മിൻഗ്വേസയുടെ ഇനി വരുന്ന പ്രകടനത്തെയാണ് ബാഴ്സ ഉറ്റുനോക്കുന്നത്. ഒസാസുനക്കെതിരായ മത്സരത്തിൽ താരത്തിനെ കൂമാൻ സ്റ്റാർട്ട് ചെയ്യിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതാരങ്ങൾക്ക് ഒസാസുനക്കെതിരെ അവസരം നൽകുമെന്ന് കൂമാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്തായാലും മിൻഗ്വേസയുടെ ഫസ്റ്റ് ടീമിലെ ഭാവി വരാനിരിക്കുന്ന മത്സരങ്ങളിലെ പ്രകടനങ്ങൾക്കനുസരിച്ചിരിക്കുമെന്നതിൽ തർക്കമില്ല.