കോപ്പ ഡെൽ റേയിലെ തകർപ്പൻ തിരിച്ചുവരവ്, വിജയത്തിൽ ടീമിന്റെ മനോഭാവത്തെ പ്രശംസിച്ചു കൂമാൻ

ഗ്രാനഡയുടെ തട്ടകത്തിൽ നടന്ന കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളിൻ്റെ തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബാർസലോണ. 87 മിനുട്ടുവരെ രണ്ടു ഗോളിനു പിറകിലുണ്ടായിരുന്ന ബാർസയെ രക്ഷിച്ചത് അൻ്റോയിൻ ഗ്രീസ്മാൻ്റെയും ജോർദി ആൽബയുടെയും അവസാന മിനുട്ടുകളിലെ ഗോളുകളായിരുന്നു. 90 മിനുട്ടിൽ സമനില പിടിച്ചതോടെ മത്സരം ആവേശകരമായ എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.

അധിക സമയത്ത് അൻ്റോയിൻ ഗ്രീസ് മാൻ നേടിയ ഹെഡർ ഗോൾ ബാഴ്സയെ മുന്നിലെത്തിച്ചുവെങ്കിലും അധികം വൈകാതെ തന്നെ ഗ്രനാഡ സമനില ഗോൾ കണ്ടെത്തിയത് മത്സരത്തിനു ആവേശം കൂട്ടുകയായിരുന്നു. പിന്നീട് മികച്ച രീതിയിൽ കളിച്ച ബാഴ്സ ഡിയോങ്ങിൻ്റെയും ആൽബയുടെയും ഗോളുകളിലൂടെ ബാഴ്സക്ക് തകർപ്പൻ വിജയം സമ്മാനിക്കുകയായിരുന്നു. ഈ വിജയം അർഹിച്ചതായിരുന്നുവെന്നാണ് മത്സരശേഷം പരിശീലകനായ കൂമാൻ അഭിപ്രായപ്പെട്ടത്. മികച്ച മനോഭാവമാണ് ടീമെന്ന നിലയിൽ പുറത്തെടുത്തതെന്നും കൂമാൻ ചൂണ്ടിക്കാണിച്ചു.

“ഇത് ടീമിന് പ്രസരിപ്പും ശക്തിയും നൽകാൻ സഹായിച്ചു. ഞങ്ങൾ ശരിയായ സന്ദർഭം ലഭിക്കാൻ ഒരുപാട് പരിശ്രമിച്ചു. ലഭിക്കുമെന്ന ഉറച്ച വിശ്വാസം ടീമിൽ വന്നത് ഒരു അഭിമാനകരമായ വികാരമുണർത്തിയിരുന്നു. ഈ സീസണിലെ ഒരു പ്രധാന സമയത്തു തന്നെ ആ സന്ദർഭം ഉയർന്നു വന്നിരിക്കുകയാണ്. ആദ്യ 20 മിനുട്ടിൽ ഞങ്ങൾ ശക്തമായി തന്നെയാണ് മത്സരത്തിൽ മുന്നേറിയത്. സംഭവിക്കാൻ പാടില്ലാത്ത പിഴവുകളിൽ ഞങ്ങൾക്ക് ഗോൾവഴങ്ങേണ്ടി വരികയായിരുന്നു.”

“ഇതിൽ ഞങ്ങളുടെ മനോഭാവത്തെ എടുത്തു പറയേണ്ടതുണ്ട്.കാരണം ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. പോസ്റ്റിൽ കൊണ്ടു നഷ്ടപ്പെട്ട ഗോളുകൾ നിർഭാഗ്യകരമായിരുന്നു. ജയിക്കാൻ ഞങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തു. ഞങ്ങളുടെ മനോഭാവമാണ് ഇതിനനർഹമാക്കിയത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് പാടുപെടേണ്ടതെന്നും പ്രതിരോധിക്കേണ്ടതെന്നും ഞങ്ങൾ കാണിച്ചു തന്നു. ഈ വിജയം ഞങ്ങൾ അർഹിച്ചിരുന്നു.” കൂമാൻ പറഞ്ഞു.

You Might Also Like