സസ്പെൻഷൻ ഭീതിയിൽ മെസിയും ഡിയോങ്ങും, രണ്ടും കൽപ്പിച്ച് കളിപ്പിക്കാനൊരുങ്ങി കൂമാൻ

അത്ലറ്റിക്കോ മാഡ്രിഡ്‌ സെവിയ്യയോട് എതിരില്ലാത്ത ഒരു ഗോളിനു തോൽവി രുചിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സക്ക് പോയിന്റ് ടേബിളിൽ അത്ലറ്റിക്കോക്കോക്ക് തൊട്ടടുത്തെത്താനുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. അത്ലറ്റിക്കോയുമായി 4 പോയിന്റ് വ്യത്യാസമുണ്ടായിരുന്ന ബാഴ്സക്ക് സെവിയ്യക്കെതിരെ സിമിയോണിയുടെ ടീം തോൽവി രുചിച്ചതോടെ പോയിന്റ് വ്യത്യാസം ഇനി ഒന്നായി കുറക്കാൻ സാധിച്ചേക്കും. അതിനായി റയൽ വയ്യഡോലിഡുമായുള്ള മത്സരത്തിൽ ഇന്ന്‌ ബാഴ്സക്ക് ജയം അനിവാര്യമാണ്.

വയ്യഡോലിഡിനെതിരെ ഇന്നിറങ്ങുമ്പോൾ ഒരു മഞ്ഞക്കാർഡകലെ സൂപ്പർതാരം ലയണൽ മെസിക്കും ഫ്രങ്കി ഡിയോങിനും സസ്പെൻഷൻ ഉണ്ടെന്ന അപകടവും ബാഴ്സക്ക് തലവേദനയായി മുന്നിലുണ്ട്. ഇരുവർക്കും മഞ്ഞക്കാർഡുകൾ ലഭിച്ചാൽ അടുത്ത നിർണായക മത്സരമായ എൽ ക്ലാസിക്കോ ഇരുവർക്കും നഷ്ടമായേക്കും. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകനായ റൊണാൾഡ്‌ കൂമാൻ. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാവരും ഒരുമിച്ചു പോരാടേണ്ട ഘട്ടത്തിലെത്തി നിൽക്കുകയാണ് ഞങ്ങൾ. ഞങ്ങൾ തയ്യാറായിരിക്കേണ്ടതുണ്ട്. അവർക്ക് പരിക്കുകളുള്ളത് കൊണ്ട് ഇതൊരു എളുപ്പമുള്ള മത്സരമാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ കൂടുതൽ ഊർജത്തിലും താളത്തിലും കളിക്കേണ്ടതുണ്ട്. ഒപ്പം പന്തിൽ മികവ് പുലർത്തുകയും വേണം. ഞങ്ങൾ ഞങ്ങളുടെ മികവിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്.” കൂമാൻ പറഞ്ഞു.

ലയണൽ മെസിക്കും ഫ്രങ്കി ഡിയോങിനും വിശ്രമം നൽകുമോയെന്ന ചോദ്യത്തിനും കൂമാൻ മറുപടി നൽകി.
“ഈ രണ്ടു താരങ്ങൾക്കും ഓരോ മഞ്ഞക്കാർഡു കിട്ടിയാൽ അടുത്ത മത്സരത്തിൽ കളിക്കാനാവില്ലെന്നു ഞങ്ങൾക്ക് ബോധ്യമുണ്ട്. എന്നാൽ കാർഡിന്റെയോ ഉമേഷത്തിന്റെയോ കാരണത്താൽ താരങ്ങൾക്ക് വിശ്രമം നൽകേണ്ട സമയമല്ലിത്. ഞങ്ങൾക്കിനി പത്തു മത്സരങ്ങൾ ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ റിസ്കിനുള്ള സാധ്യതയും ഉണ്ടായിരിക്കാം. എങ്കിലും മികച്ചതെന്തെന്നു വെച്ചാൽ മുഴുവൻ താരങ്ങളെയും കളിപ്പിക്കുകയെന്നതാണ്. വിജയിക്കാനാവുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.” കൂമാൻ പറഞ്ഞു.

You Might Also Like