പിഎസ്‌ജിക്കെതിരെ ചാമ്പ്യൻസ്‌ലീഗിൽ നിന്നും പുറത്ത്, മെസിയുടെ ഭാവിയെക്കുറിച്ച് കൂമാന്റെ വെളിപ്പെടുത്തൽ

പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ രണ്ടാം പാദമത്സരം 1 – 1 സമനിലയിൽ കലാശിച്ചതോടെ 5 – 2 എന്ന അഗ്രിഗേറ്റ് സ്കോറിന് ബാഴ്സലോണ ടൂർണമെൻ്റിൽ നിന്നും പുറത്തായിരിക്കുകയാണ്. മെസിയുടെ കരിയറിലെ മറ്റൊരു അവസരം കൂടി ബാഴ്സക്കൊപ്പം നഷ്ടമായതോടെ ബാഴ്സയിൽ തന്നെ തുടരുമോയെന്ന ആകാംക്ഷയാണ് ബാഴ്സ ആരാധകരിൽ വീണ്ടും ഉയർന്നു വന്നിരിക്കുന്നത്.

നിലവിൽ ബാഴ്സയുടെ പ്രകടനത്തിൽ ക്യാപ്റ്റനായ മെസി സന്തോഷവാനാണെങ്കിലും കരിയറിൻ്റെ അവസാന ഘട്ടത്തിലേക്കടുക്കുന്ന മെസിക്ക് ഭാവി തീരുമാനങ്ങൾ കടുത്തതായിരിക്കുമെന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ബാഴ്സ പരിശീലകനായ റൊണാൾഡ് കൂമാൻ. മത്സരശേഷം സംസാരിക്കുകയായിരുന്നു കൂമാൻ.

“ടീം മികവിലേക്ക് മെച്ചപ്പെട്ടു വരുന്നത് മെസി കുറച്ചു കാലമായി കണ്ടു കൊണ്ടിരിക്കുകയാണ്. അതിനായി ഞങ്ങൾ കൊണ്ടുവന്ന മാറ്റങ്ങൾക്കു നന്ദി പറയുകയാണ്. പ്രത്യേകമെടുത്തു പറയുകയാണെങ്കിൽ ഞങ്ങൾക്ക് മികച്ച നിലവാരമുള്ള യുവതാരങ്ങളുണ്ട്. ഞങ്ങൾക്ക് ഒരു മികച്ച ഭാവി മുന്നിലുണ്ട്.”

“ഭാവിയിൽ ഈ ടീം എന്തുനൽകുമെന്നതിൽ ലിയോക്ക് യാതൊരു സംശയവും കാണില്ലെന്നുറപ്പാണ്‌. എനിക്ക് തോന്നുന്നത് ലിയോയുടെ ഭാവിയെക്കുറിച്ച് ലിയോക്ക് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുള്ളു എന്നതാണ്. അതിൽ ആർക്കും ഒന്നും ചെയ്യാനാവില്ല. എനിക്കു തോന്നുന്നത് ബാഴ്സ ശരിയായ പാതയിലാണെന്നു അദ്ദേഹത്തിനുമറിയാം എന്നതാണ്. തുടരാൻ ആഗ്രഹിക്കാത്തതിന്റെ കാരണവും ഇതല്ല എന്നാണ് എനിക്ക് തോന്നുന്നത്.” കൂമാൻ പറഞ്ഞു.

You Might Also Like