വരാനിരിക്കുന്നത് അസാധാരണ പ്രാധാന്യമുള്ള എൽ ക്ലാസിക്കോ, എല്ലാ മത്സരങ്ങളിലും വിജയം അനിവാര്യമെന്നു കൂമാൻ

Image 3
FeaturedFootballLa Liga

റയൽ വയ്യഡോലിഡുമായി ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം നേടാനായതോടെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാൻ ബാഴ്സക്ക് സാധിച്ചിരിക്കുകയാണ്. മത്സരത്തിന്റെ അവസാനത്തിൽ 89ആം മിനുട്ടിൽ ഡെമ്പെലെ നേടിയ ഗോളാണ് ബാഴ്സക്ക് വിജയം സമ്മാനിച്ചത്. രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ തൊട്ടു പിറകിൽ റയൽ മാഡ്രിഡും ഉള്ളതിനാൽ ബാഴ്സക്ക് ഇനി ബാക്കിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.

ബാഴ്സക്ക് അടുത്ത മത്സരം ചിരവൈരികളായ റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോയാണ്‌. കാലങ്ങളായുള്ള ഈ വൈരം മത്സരത്തിനു കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഇത്തവണ എല്ലാ മത്സരങ്ങളെക്കാളും പ്രാധാന്യം എൽക്ലാസിക്കോക്ക് ഉണ്ടെന്നാണ് ബാഴ്സ പരിശീലകനായ കൂമാന്റെ പക്ഷം. അത് ഇത്തവണ അത്ലറ്റിക്കോയും റയലും കിരീടംപോരാട്ടത്തിൽ ഒരുമിച്ചു നൽകുന്ന സമ്മർദമാണ് അതിനു കാരണമായി കൂമാൻ ചൂണ്ടിക്കാണിക്കുന്നത്. റയൽ വയ്യഡോലിഡുമായി നടന്ന മത്സരശേഷം സംസാരിക്കുകയായിരുന്നു കൂമാൻ.

“എനിക്ക് തോന്നുന്നത് ക്ലാസിക്കോ എല്ലായ്പ്പോഴും പ്രാധാന്യമുള്ള മത്സരമാണെന്ന് തന്നെയാണ്. പക്ഷെ ഇത്തവണ അതിനു കൂടുതൽ പ്രാധാന്യം വന്നിട്ടുണ്ടെന്നു പറയാനാകും. കാരണം ഇത്തവണത്തെ ലീഗിലെ സാഹചര്യം തന്നെയാണ്. ഈ സീസണിൽ ലീഗിൽ ഞങ്ങൾക്കൊപ്പം റയൽ മാഡ്രിഡും കിരീടം നേടാൻ അത്ലറ്റിക്കോക്കെതിരെ ഒരുപോലെ പോരാടിക്കൊണ്ടിരിക്കുകയാണ്.”

“ലോകത്തിലെ തന്നെ രണ്ടു മികച്ച ടീമുകൾക്കെതിരെയായതിനാൽ ഇത് തീർച്ചയായും രണ്ടു പ്രധാനപ്പെട്ട മത്സരങ്ങൾ തന്നെയായിരിക്കും. ഇതിന്റെ ഫലങ്ങൾ തീർച്ചയായും ഞങ്ങൾക്ക് കിരീടം നേടുന്നതിൽ നിർണായകമാകും.”കൂമാൻ പറഞ്ഞു. അവസാന 19 മത്സരങ്ങൾ അപരാജിതരായി മുന്നേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ റയലിനെ നേരിടാനൊരുങ്ങുന്നത്. എന്നാൽ റയൽ മാഡ്രിഡ്‌ 9 മത്സരങ്ങൾ അപരാജിതരായാണ് മുന്നേറിക്കൊണ്ടിരിക്കുന്നത് ബാഴ്സക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഏപ്രിൽ 10നു റയലിന്റെ തട്ടകത്തിൽ വെച്ചാണ് ക്ലാസിക്കോ നടക്കാനിരിക്കുന്നത്.