പിഎസ്‌ജിക്കെതിരെ ബാഴ്സയുടെ തിരിച്ചു വരവ്? അസാധ്യമായി ഒന്നുമില്ലെന്ന് കൂമാൻ

Image 3
Champions LeagueFeaturedFootball

ബാഴ്സയും പിഎസ്‌ജിയുമായുള്ള ചാമ്പ്യൻസ്‌ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദമത്സരം ഇന്ന്‌ നടക്കാനിരിക്കുകയാണ്. ആദ്യപാദത്തിൽ പിഎസ്‌ജി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബാഴ്‌സയെ തകർത്തിരുന്നുവെങ്കിലും ഒരു തിരിച്ചു വരവാണ് ബാഴ്സ ആരാധകരും പ്രതീക്ഷിക്കുന്നത്. എതിരില്ലാത്ത നാലു ഗോളിന്റെ വിജയം അനിവാര്യമാണെന്നിരിക്കെ ഒന്നും അസാധ്യമല്ലെന്ന പ്രസ്താവനയാണ് കൂമാൻ മുന്നോട്ടു വെക്കുന്നത്.

ലാലിഗയിലെ സമീപകലത്തെ മികച്ച ഫോമും കോപ്പ ഡെൽ റേയിൽ സെവിയ്യക്കെതിരായി മികച്ച തിരിച്ചു വരവ് നടത്തി തിരിച്ചു വന്നതും ബാഴ്സക്ക് ചെറിയ ആത്മവിശ്വാസം നൽകുന്നുണ്ട്. അതു തന്നെയാണ് കൂമാനും ഈ മത്സരത്തേക്കുറിച്ച് മുന്നോട്ടു വെക്കുന്നത്. ജെറാർഡ് പിക്വെക്കും റൊണാൾഡ്‌ അറോഹോക്കും പരിക്കു പറ്റിയത് ബാഴ്സക്ക് തിരിച്ചടി നൽകിയിട്ടുണ്ടെങ്കിലും ടീം മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് തന്നെയാണ് കൂമാൻ പ്രതീക്ഷിക്കുന്നത്. മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അസാധ്യമായ ഒന്നുമില്ല. ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ മത്സരത്തിൽ മികവ് പുലർത്തേണ്ടതുണ്ടെന്നു മാത്രം. ഇത് കൂടുതൽ സങ്കീർണമാണ്. പിഎസ്‌ജി ശക്തരും ചാമ്പ്യൻസ്‌ലീഗ് നേടണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഒരു തിരിച്ചു വരവ് നടത്തണമെങ്കിൽ അത്രക്കും മികച്ച രീതിയിൽ കളിക്കണം. ഞങ്ങൾ അതിനായി ശ്രമിക്കും. ഞങ്ങളും ജയിക്കണമെന്ന് ഉറച്ചു തന്നെയാണ് എപ്പോഴും ഇറങ്ങുന്നത്.”

“ഇത് വളരെ ബുദ്ധിമുട്ടേറിയതായിരിക്കും. ഞങ്ങളെ അധികം കളി മെനയാൻ സമ്മതിക്കാത്ത പിഎസ്‌ജിക്കെതിരെയാണ് കളിക്കാൻ പോവുന്നത്. 2017ലെ തിരിച്ചുവരവ്? പിഎസ്‌ജി ഞങ്ങളെ പേടിക്കുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. അവരുടെ പരിശീലകൻ അവരെ മികച്ച രീതിയിൽ ഒരുക്കുമെന്നും ഇതൊരു എളുപ്പമുള്ള മത്സരമായിരിക്കില്ലെന്നു അവർക്കും അറിയാമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു തിരിച്ചു വരവിനു വ്യത്യസ്തമായ സാഹചര്യമാണ് നിലവിലുള്ളത്.” കൂമാൻ പറഞ്ഞു.