ഏകാഗ്രത മെച്ചപ്പെടുത്തേണ്ടതുണ്ട്, അൻസു ഫാറ്റിക്കു ഉപദേശവുമായി കൂമാൻ രംഗത്ത്

ബാഴ്സയിൽ തകർപ്പൻ പ്രകടനത്തോടെ മുന്നേറുന്ന കൗമാര  പ്രതിഭയാണ് അൻസു  ഫാറ്റി.  ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന താരം എൽ ക്ലാസിക്കോയിലെ ഗോളടക്കം അഞ്ചു ഗോളുമായി ബാഴ്സയുടെ ടോപ് സ്കോററാണ്. ബാഴ്‌സയിലെ താരത്തിന്റെ  പ്രകടനത്തിൽ  പരിശീലകൻ കൂമാൻ തൃപ്തനാണെങ്കിലും  താരം പലകാര്യങ്ങളിലും  ഇനിയും മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായം അദ്ദേഹം മുന്നോട്ടു വെക്കുന്നുണ്ട്.

അലാവസുമായി ഇന്നു നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് കൂമാൻ അൻസു ഫാറ്റിയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചത്. താരത്തെക്കുറിച്ച് മുൻപും  കൂമാൻ സംസാരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ താരത്തിന്റെ ഏകാഗ്രതയിലുള്ള കുറവിനെ കൂമാൻ ചൂണ്ടിക്കാണിക്കുകയായിരുന്നു.

” ഞാൻ  അവനോട് കൂടുതൽ പരിശ്രമിക്കാനും മെച്ചപ്പെടാനുമാണ് നിർദേശിക്കുന്നത്. ഇന്നലെ ഞാൻ അവനോട്  ഏകാഗ്രതയിലുള്ള പ്രശ്നത്തെ  മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ച് സംസാരിച്ചിരുന്നു. അവൻ തോറ്റുപോവുന്നത്  ഏകാഗ്രതയില്ലായ്മയിലാണ് കഴിവില്ലാത്തതുകൊണ്ടല്ല.”

“അവനു നല്ല കഴിവുണ്ട്. അവൻ ഒരു മികച്ച കളിക്കാരനാണ്. കൂടുതൽ സമർത്ഥനായ കളിക്കാരനായതുകൊണ്ടുതന്നെ അവനവൻ തന്നെ അത് മെച്ചപ്പെടുത്തേണ്ടതുണ്ട്. മെച്ചപ്പെടനായി നിങ്ങൾ കൂടുതൽ ശ്രദ്ധാലുവാവേണ്ടതുണ്ട്” കൂമാൻ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം ആക്രമണത്തിൽ കഴിവുതെളിയിച്ചുകൊണ്ടിരിക്കുന്ന കൗമാരതാരമാണ് അൻസു ഫാറ്റി. നിലവിൽ ഗ്രീസ്മാനും ഡെമ്പെലേക്കും ട്രിൻകാവോക്കും മുകളിൽ ബാഴ്സയിൽ സ്ഥിരസാന്നിധ്യമാവാനുള്ള ശ്രമത്തിലാണ് അൻസു ഫാറ്റിയുള്ളത്.

You Might Also Like