കൂമാന്റെ പരിശീലകസ്ഥാനത്തിനു വിലക്കു വീണേക്കും, കരാറുമായി ബന്ധപ്പെട്ട് നടപടിയുമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ
ബയേണുമായുള്ള തോൽവിക്കു ശേഷം ബാഴ്‌സ കീക്കെ സെറ്റിയനു പകരക്കാരനായി ഡച്ച് ടീം പരിശീലകനായ റൊണാൾഡ് കൂമാനെ ബാഴ്സയുടെ പരിശീലകസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു. കൂമാനു കീഴിൽ രണ്ടു സൗഹൃദ മത്സരങ്ങളും വിജയിക്കാൻ ബാഴ്സക്കായെന്നതും കൂടുതൽ പ്രതീക്ഷയേകുന്നുണ്ട്. എന്നാൽ മറ്റൊരു പ്രശ്നം കൂടെ ബാഴ്സക്കു തീർക്കാനായി ബാക്കിയുണ്ടെന്നതാണ് വസ്തുത.
സൗഹൃദമത്സരങ്ങൾ കൂമാനു കീഴിൽ കളിച്ചെങ്കിലും ലാലിഗയിൽ ഔദ്യോഗികമത്സരങ്ങളിൽ ബാഴ്‌സയെ പരിശീലിപ്പിക്കാൻ കൂമാനു ഇനിയും കാത്തിരിക്കേണ്ടി വന്നേക്കുമെന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ കൂമാനെ പരിശീലകസ്ഥാനത്തു നിന്നും വിലക്കിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ കഡേന കോപേയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
Ronald Koeman can't take charge of an official game yet.https://t.co/liGSwiOInc
— SPORTbible (@sportbible) September 17, 2020
കഡേന കോപേയുടെ വെളിപ്പെടുത്തലുകൾ പ്രകാരം ബാഴ്‌സ ഇതുവരെ പഴയ പരിശീലകൻ കീക്കെ സെറ്റിയനെ ഔദ്യോഗികമായി പുറത്താക്കിയിട്ടില്ലെന്നാണ് വെളിവാകുന്നത്. ബാഴ്സയിൽ ഒരു വർഷം കൂടെ കരാറുള്ള സെറ്റിയൻ തന്റെ ബാക്കി ശമ്പളം കൊടുത്തുതീർക്കാതെ കരാർ അവസാനിപ്പിക്കില്ലെന്ന പിടിവാശിയിലാണുള്ളത്. എന്നാൽ സാമ്പത്തികമായി പ്രതിസന്ധിയിലുള്ള ബാഴ്‌സക്ക് ഇത് മറ്റൊരു തലവേദനയായിരിക്കുകയാണ്.
വിയ്യാറലുമായുള്ള ആദ്യ മത്സരത്തിനിനി പത്തു ദിവസം കൂടിയേ ബാക്കിയുള്ളൂവെന്നിരിക്കെ പഴയ പരിശീലകനുമായുള്ള കരാർ നിലനിൽക്കുന്നതിൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ കൂടി ഇടപെട്ടതോടെ ബാഴ്‌സ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാൽ ബയേണുമായുള്ള ദയനീയ തോൽവിയുടെ ഉത്തരവാദിത്വം കൂടി കണക്കിലെടുത്ത് ലാലിഗ ആരംഭിക്കുന്നതിനു മുൻപുതന്നെ സെറ്റിയനുമായി കുറഞ്ഞതുകക്ക് ഒത്തുതീർപ്പിലെത്താനാണ് ബാഴ്‌സയും ശ്രമിക്കുന്നത്.