കരാർ വിവരങ്ങൾ ചോർത്തിയവരെ പുറത്താക്കണം, മെസി കൂടുതൽ ബഹുമാനം അർഹിക്കുന്നുവെന്നു കൂമാൻ

ഫുട്ബോൾ ലോകത്ത് ഞെട്ടലുണ്ടാക്കിയ ഒരു വാർത്തയാണ് ബാഴ്സയുമായുള്ള മെസിയുടെ കരാർ വിവരങ്ങൾ ചോർന്നത്. 555 മില്യൺ യൂറോയെന്ന വമ്പൻ തുകയാണ് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ മെസിക്ക് ബാഴ്സയിൽ നിന്നും ലഭിക്കുന്നതെന്നാണ് എൽ മുണ്ടോയെന്ന സ്പാനിഷ് മാധ്യമം പുറത്തു വിട്ടത്. പുതിയ കരാർ പ്രകാരം ഒരു വർഷത്തേക്ക് 138 മെസിക്ക് യൂറോയാണ്‌ ബാഴ്സ നൽകുന്ന വേതനം. ഒപ്പം ലോയൽറ്റി ബോണസ് ആയി 77 മില്യൺ യൂറോയും കരാർ അവസാനിക്കുമ്പോൾ മെസിക്ക് ലഭിക്കും.

എന്നാൽ മെസിക്ക് പിന്തുണയായി ബാഴ്സലോണ രംഗത്തെത്തിയിരുന്നു. വാർത്ത പുറത്തു വിട്ട എൽ മുണ്ടോക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് മെസിയുടെ നിയമജ്ഞരും ബാഴ്സലോണയും. ലയണൽ മെസിക്ക് പിന്തുണയുമായി പരിശീലകനായ കൂമാനും രംഗത്തെത്തിയിട്ടുണ്ട്. അത്ലറ്റിക് ബിൽബാവോക്കെതിരായി നടന്ന മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എങ്ങനെയാണു മെസി ബാഴ്സയുടെ നാശത്തിന് കാരണമാകുന്നതെന്നു എനിക്കു മനസിലാവുന്നില്ല. ഈ ക്ലബ്ബിനായി ഒരുപാടുകാലമായി മഹത്തായ കാര്യങ്ങൾ ചെയ്യുകയും മികവുതെളിയിക്കുകയും ചെയ്തവനാണ് അവൻ. ഒരുപാട് പ്രധാന കിരീടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്തു. ഇത് പ്രസിദ്ധീകരിച്ചത് ആരായാലും അവർക്ക് ബാഴ്സയുടെ പ്രതിച്ഛായ നശിപ്പിക്കുക തന്നെയാണ് ലക്ഷ്യം. പക്ഷെ ഞങ്ങൾക്ക് സംഘടിതമായി തന്നെ തുടരേണ്ടതുണ്ട്. പ്രസിദ്ധീകരിച്ചതെന്തായാലും മറന്നു മുന്നേറേണ്ടതുണ്ട്.”

“മെസിയില്ലാതെ കൂടുതൽ മത്സരങ്ങൾ ജയിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അവൻ ലോകത്തിലെ തന്നെ മികച്ച താരമാണെന്നും നിർണായകമായ താരമാണെന്നും നമുക്കറിയാവുന്നതാണ്‌. ഈ ക്ലബ്ബിനു വേണ്ടി ചെയ്ത കാര്യങ്ങൾക്ക് മെസി ബഹുമാനമര്ഹിക്കുന്നുണ്ട്. ക്ലബ്ബിൽ നിന്നുള്ള ആരെങ്കിലുമാണ് ഇത് ചെയ്തതെങ്കിൽ അവർ ഇവിടെ തുടരുന്നതിനു അർഹനല്ല. ” കൂമാൻ പറഞ്ഞു.

You Might Also Like