ബാഴ്സ ബിയിൽ നിന്നും അൻസു ഫാറ്റിക്ക് പകരക്കാരനെ കണ്ടെത്തി കൂമാൻ, അടുത്ത മത്സരങ്ങളിൽ അരങ്ങേറും

Image 3
FeaturedFootballLa Liga

റയൽ ബെറ്റിസിനെതിരെ രണ്ടിനെതിരെ അഞ്ചു ഗോളിന്റെ തകർപ്പൻ വിജയം നേടാനായെങ്കിലും യുവതാരം അൻസു ഫാറ്റിക്ക് മത്സരത്തിനിടെ ഗുരുതര പരിക്കേറ്റത് ബാഴ്സക്ക് വലിയ തിരിച്ചടിയായിരുന്നു. കാൽമുട്ടിന്റെ മെനിസ്‌കസിനാണ് ക്ഷതം മൂലം പരിക്കേറ്റത്. ഉടൻ ശസ്ത്രക്രിയ വേണമെന്നാണ് ബാഴ്സ മെഡിക്കൽ ടീം പരിശോധനകൾക്കു ശേഷം വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ 4-5 മാസത്തോളം യുവതാരത്തിന്റെ സേവനം ബാഴ്സക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അൻസു ഫാറ്റി പുറത്തായതോടെ മറ്റൊരു യുവതാരത്തിനുള്ള വാതിൽ തുറന്നിരിക്കുകയാണ്. ബാഴ്സ ബി ടീമിലെ അമേരിക്കൻ യുവതാരം കോൺറാഡ് ഡി ലാ ഫ്യുവന്റയെയാണ് കൂമാൻ ഫസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നത്. ബാഴ്സയ്ക്കൊപ്പം പ്രീ സീസണിൽ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

അമേരിക്കൻ യുവതാരത്തിന്റെ ക്ഷമയും കഠിനപരിശ്രമവുമാണ് കൂമാനെ ആകർഷിച്ചതെന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട്‌ ചെയ്യുന്നത്. അൻസു ഫാറ്റി കളിച്ചിരുന്ന ഇടതു വിങ്ങിൽ താരത്തെ ഉപയോഗപ്പെടുത്താനാണ് കൂമാൻ ഇഷ്ടപ്പെടുന്നത്. ഇനിയുള്ള മത്സരങ്ങളിൽ താരത്തിനു അരങ്ങേറ്റം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കൻ നാഷണൽ ടീമിലേക്കും താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് പരിശീലകനായ ഗ്രെഗ് ബെർഹാൽട്ടർ. ഈ മാസം 12നു നടക്കാനിരിക്കുന്ന വെയ്ൽസിനെതിരായ മത്സരത്തിൽ താരത്തിനു അരങ്ങേറാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഴ്സലോണ കോച്ചിംഗ് സ്റ്റാഫുമായി അടുത്ത ബന്ധം പുലർത്തുന്ന ബെർഹാൽട്ടർ താരത്തിന്റെ പ്രകടനം അമ്പറപ്പുണ്ടാക്കിയിട്ടുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. എന്തായാലും സെർജിനോ ഡെസ്റ്റിനു പിന്നാലെ രണ്ടാമത്തെ അമേരിക്കൻ താരത്തിനാണ് ബാഴ്സയിൽ ഇതോടെ അവസരം ലഭിക്കുന്നത്.