ഡീപേ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ മറ്റൊരു സൂപ്പർസ്‌ട്രൈക്കർക്കായി വലവിരിച്ചു ബാഴ്‌സലോണ

സമ്മർ ട്രാൻസ്ഫറിൽ സ്വന്തം തട്ടകത്തിലെത്തിക്കാൻ ബാഴ്‌സലോണ വളരെയധികം ശ്രമിച്ച ഒരു താരമാണ് ലിയോണിന്റെ മെംഫിസ് ഡീപേ. സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയതോടെ കൂമാൻ ആവശ്യപ്പെട്ട സൈനിങ്ങുകളിൽ പ്രധാനപ്പെട്ട താരവും ഡീപേ തന്നെ. എന്നാൽ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആ നീക്കം ഒഴിവായിപ്പോവുകയായിരുന്നു.

എന്നാൽ ഈ വരുന്നത് ജനുവരി ട്രാൻസ്ഫറിൽ വീണ്ടും താരത്തിനായി ശ്രമിക്കാനാണ് ബാഴ്സയുടെ നീക്കം. കോവിഡ് മൂലം ഇത്തവണ ബാഴ്സക്ക് 88 മില്യൺ യൂറോയുടെ നഷ്ടമാണുണ്ടായത്. അതിനാൽ തന്നെ വൻതുക ഡീപേക്കായി മുടക്കാൻ ബാഴ്സ ഉദ്ദേശിക്കുന്നില്ല. ലിയോൺ കൂടുതൽ ആവശ്യപ്പെടുകയാണെങ്കിൽ മറ്റൊരു താരം കൂടി പരിശീലകൻ ലക്ഷ്യമിട്ടിട്ടുണ്ട്.

ഡച്ച് ലീഗ് ക്ലബ്ബായ പിഎസ്‌ വിയുടെ സ്‌ട്രൈക്കർ ഡോൺയേൽ മാലനാണ് കൂമാന്റെ പരിഗണനയിലുള്ള മറ്റൊരു താരം. നാലുവർഷത്തേക്ക് കൂടി പിഎസ് വിയിൽ ഡച്ച് താരത്തിനു കരാറുണ്ടെങ്കിലും താരത്തിന്റെ പ്രകടനം കൂമാനിൽ താത്പര്യം ജനിപ്പിക്കുകയായിരുന്നു. നിലവിൽ 9 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും 2 അസിസ്റ്റും നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

ഡീപേയെ പോലെത്തന്നെ ഹോളണ്ടിൽ പരിശീലകനായിരുന്ന സമയത്ത് ഡോൺയേൽ മാലന്റെ കഴിവുകളെക്കുറിച്ചും കൂമാനു വളരെയധികം ബോധ്യമുണ്ട്. കഴിഞ്ഞ വർഷം താരത്തിനു ഹോളണ്ട് ടീമിൽ അവസരം നൽകിയതും കൂമാൻ തന്നെയാണ്. കഴിഞ്ഞ ട്രാൻസ്ഫറിൽ താരങ്ങളുടെ വില്പന നടക്കാത്തതിനാൽ പുതിയ താരങ്ങളെ വാങ്ങാൻ ലാലിഗ നിയമങ്ങൾ നിഷേധിച്ചതാണ് ഡീപേ ട്രാൻസ്ഫർ നടക്കാതെ പോയത്. എന്നാൽ ജനുവരി ട്രാൻസ്ഫറിൽ ഇരുവരിലൊരാളെ ഭാര്സയിലെത്തിക്കുമെന്നാണ് കാറ്റാലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോ റിപ്പോർട് ചെയ്യുന്നത്.

You Might Also Like