കോപ്പ ഡെൽ റേ സെമി ആദ്യപാദ തോൽവി, പിഴവുകൾ വരുത്തിയ ഉംറ്റിട്ടിയെ പിന്തുണച്ച് കൂമാൻ

സെവിയ്യയുടെ തട്ടകത്തിൽ നടന്ന കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബാഴ്‌സലോണയ്ക്ക് തോൽവിയേറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. പ്രതിരോധത്തിൽ ഉംറ്റിട്ടി നടത്തിയ രണ്ടു പിഴവുകളാണ് സെവിയ്യ മുതലെടുത്തു ഗോൾ നേടിയത്. സെവിയ്യക്കായി ജൂൾസ് കൂണ്ടേയും മുൻ ബാഴ്സ താരം ഇവാൻ റാക്കിറ്റിച്ചുമാണ് ഗോൾ വല കുലുക്കിയത്. വരുന്ന മാർച്ച്‌ മാസത്തിലാണ് ക്യാമ്പ് നൂവിൽ രണ്ടാം പാദ മത്സരം നടക്കാനിരിക്കുന്നത്.

മത്സരത്തിൽ ഗോളിൽ കലാശിക്കുന്നതിനു കാരണമായ രണ്ടു പിഴവുകൾ വരുത്തിയെങ്കിലും ഉംറ്റിട്ടിക്കു പിന്തുണ നൽകിയിരിക്കുകയാണ് പരിശീലകനായ റൊണാൾഡ്‌ കൂമാൻ. തോൽവിക്കു ശേഷം ഉംറ്റിട്ടിയുടെ പിറകെ പോവുന്നത് ശരിയായ കാര്യമല്ലെന്നും കൂമാൻ വ്യക്തമാക്കി. മത്സരശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആദ്യ ഗോൾ വന്നത് മധ്യനിരയിൽ ഞങ്ങൾ ധാരാളം സ്ഥലം അവർക്ക് നൽകിയത് കൊണ്ടാണ്. അത് പ്രതിരോധത്തിന്റെ മാത്രം പ്രശ്നമല്ല. രണ്ടാമത്തെ ഗോൾ പിറന്നത് ഓഫ്‌സൈഡ് ഉണ്ടാക്കാനുള്ള ശ്രമം നന്നായി ചെയ്യാത്തത് കൊണ്ടാണ്. ഉംറ്റിട്ടി മത്സരത്തിൽ നന്നായി തന്നെയാണ് കളിച്ചത്. എല്ലാവരും ചെയ്യുന്നത് പോലെയുള്ള പിഴവുകൾ തന്നെയാണ് അവനും ചെയ്തത്. അത് ഫുട്ബോളിന്റെ ഭാഗമാണ്. അതിനു അവനു പിന്നാലെ പോകുന്നത് ശരിയായ കാര്യമല്ല. ഞങ്ങൾ ഒരുമിച്ചു തോൽക്കുന്നു അതുപോലെ തന്നെ ഒരുമിച്ചു വിജയവും നേടുന്നു.” കൂമാൻ പറഞ്ഞു.

കഴിഞ്ഞ പതിനെട്ടു മാസമായി ഫോമിൽ തിരിച്ചെത്താനുള്ള കഠിനപരിശ്രമത്തിലായിരുന്നു ഉംറ്റിട്ടി. അടുത്തിടെയാണ്‌ ബാഴ്സ സ്‌ക്വാഡിലേക്ക് താരം തിരിച്ചെത്തിയത്. ഈ സീസണിൽ കോപ്പ ഡെൽ റേ മത്സരങ്ങളടക്കം ആകെ 9 മത്സരങ്ങളാണ് ഉംറ്റിട്ടി കളിച്ചിട്ടുള്ളത്. ഇംഗ്ലീഷ് മാധ്യമമായ അത്ലറ്റിക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂളിലേക്ക് പോകാനുള്ള അവസരം നിരസിച്ചാണ് ഉംറ്റിട്ടി ബാഴ്‌സയെ സഹായിക്കാനായി ടീമിൽ തുടർന്നത്. അടുത്ത പാദത്തിൽ മികച്ച രീതിയിൽ തിരിച്ചു വരാനാകുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.

You Might Also Like