കൂമാനു കീഴിൽ മികച്ച മാറ്റങ്ങൾ, മെസിയടക്കം എല്ലാ താരങ്ങളും തൃപ്തരെന്നു റിപ്പോർട്ടുകൾ

ബയേണിനോട്‌ തകർന്നു തരിപ്പണമായ ബാഴ്സയിലേക്കാണ് ബാഴ്സ ഇതിഹാസതാരവും ഹോളണ്ട് പരിശീലകനുമായ റൊണാൾഡ്‌ കൂമാൻ പരിശീലകനായെത്തുന്നത്. കൂമാൻ ആവശ്യപ്പെട്ട മുഴുവൻ താരങ്ങളെയും എത്തിക്കാനായില്ലെങ്കിലും കൂമാനു കീഴിൽ യുവതാരങ്ങളെ ഉപയോഗപ്പെടുത്തി മികച്ച പ്രകടനമാണ് ബാഴ്സ കാഴ്ച വെക്കുന്നത്.

പ്രീ സീസൺ മത്സരങ്ങളും ലാലിഗയിൽ ആദ്യ മൂന്നു മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയുമായി ഭേദപ്പെട്ട പ്രകടനമാണ് ബാഴ്സ നടത്തിയത്. കൂമൻ ബാഴ്സയിലെത്തുമ്പോൾ ക്ലബ്ബ് വിടാനൊരുങ്ങി നിന്ന മെസിയെയാണ് കാണാനാവുന്നത്. എന്നാൽ മെസിയുടെ വീട്ടിൽ ചെന്നു തന്റെ പ്രൊജക്ടിനെക്കുറിച്ച് വ്യക്തമാക്കാനും കൂമാൻ മടികാണിച്ചില്ല.

സ്പാനിഷ് മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം യുവതാരങ്ങളെയും മെസിയടക്കമുള്ള പരിചയസമ്പന്നരായ താരങ്ങളെയും ഈ കാലയളവുകൊണ്ട് തന്നെ തൃപ്തിപ്പെടുത്താൻ കൂമാനു കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അത് മെസി തന്നെ പരസ്യമായി അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ബാഴ്സക്കായി മികച്ച പ്രകടനം കാഴ്ചവെക്കാൻ പരിശ്രമിക്കുമെന്ന് മെസി തന്നെ വ്യക്തമാക്കിയിരുന്നു.

ലയണൽ മെസിയെ മാത്രമല്ല ബാഴ്സയിൽ മികവ് കണ്ടെത്താൻ വിഷമിച്ചിരുന്ന കൂട്ടീഞ്ഞോയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനും തൃപ്തിപ്പെടുത്താനും കൂമാനു കഴിഞ്ഞിട്ടുണ്ട്. യുവതാരകളായ പെഡ്രി ട്രിൻകാവോ, അൻസു ഫാറ്റി എന്നിവരും പരിശീലകനിൽ വിശ്വാസമർപ്പിക്കുന്നുണ്ട്. യുവതാരം റിക്കി പുജ്ജിനും ഭാവിയിൽ മിനുട്ടുകൾ നൽകുമെന്ന് കൂമാൻ വാഗ്ദാനം നൽകിയിരുന്നു. മൊത്തത്തിൽ കൂമാനു കീഴിൽ സംതൃപ്തരായ താരങ്ങളെയാണ് ഇപ്പോൾ കാണാനാവുന്നത്.

You Might Also Like