മെസി ബാഴ്‌സ വിട്ടാൽ പ്രധാനതാരം ഗ്രീസ്മാൻ, നിലപാട് വ്യക്തമാക്കി കൂമാൻ

സൂപ്പർ താരം ലയണൽ മെസി ബാഴ്‌സ വിടുമോയെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. ബാഴ്സ പ്രസിഡന്റ്‌ ബർതോമ്യുവിനു താരത്തെ പറഞ്ഞു തൃപ്തിപ്പെടുത്തി ബാഴ്സയിൽ തുടരുമെന്ന് സമ്മതിപ്പിക്കാൻ ഇതുവരെ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ തന്നെ മെസി ബാഴ്സ വിടാനുള്ള സാധ്യത ഏറെയാണ്.

എന്നാൽ മെസി ക്ലബിൽ തുടർന്നാലും ഇല്ലെങ്കിലും ബാഴ്‌സയുടെ പ്രധാനതാരം തന്നെയാണ് അന്റോയിൻ ഗ്രീസ്‌മാനെന്നു റൊണാൾഡ്‌ കൂമാൻ അഭിപ്രായപ്പെട്ടു. ഇക്കാര്യം കൂമാൻ ഗ്രീസ്‌മാനെ അറിയിച്ചിട്ടുണ്ടെന്നു സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നു. ഗ്രീസ്‌മാൻ അത്ലറ്റിക്കോ മാഡ്രിഡിൽ എത്രത്തോളം പ്രധാനപ്പെട്ട താരമായിരുന്നുവോ അത്പോലെ തന്നെ ബാഴ്‌സയിലെ പ്രധാനപ്പെട്ട താരമാക്കി മാറ്റിയെടുക്കാനാണ് കൂമാന്റെ ഉദ്ദേശം.

അത്ലറ്റികോ മാഡ്രിഡിൽ ചെയതിരുന്നതെന്തോ അത് ബാഴ്‌സലോണയിലും ചെയ്യാനാകുമെന്നു കൂമാൻ ഗ്രീസ്‌മാനോട് പറഞ്ഞതായി എൽ എക്വിപെ റിപ്പോർട്ട്‌ ചെയ്യുന്നു. ഈ സീസണിൽ തങ്ങൾ വിൽക്കാൻ ഉദ്ദേശിക്കാത്ത താരങ്ങളുടെ ലിസ്റ്റിൽ ഗ്രീസ്‌മാനുമുണ്ടെന്ന് ബർതോമ്യു മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഒപ്പം ഗ്രീസ്‌മാൻ ഒരു വിങ്ങറല്ലെന്നും താരത്തെ യഥാർത്ഥ പൊസിഷനിൽ കളിപ്പിക്കുമെന്നു സൂചിപ്പിച്ച് കൂമാനും താരത്തിനു പിന്തുണയുമായി മുന്നോട്ടു വന്നിരുന്നു.

ബാഴ്സയിൽ ഗ്രീസ്‌മാന്‌ തിളങ്ങാൻ കഴിയാത്തതിന്റെ കാരണം അദ്ദേഹത്തിന്റെ സാധാരണ പൊസിഷൻ നൽകാത്തതു കരണമാണെന്നാണ് കൂമാന്റെ കണ്ടെത്തൽ. ഏതായാലും ബാഴ്സയിൽ നിന്നും മെസി വിടപറഞ്ഞാൽ ടീമിന്റെ മുഖ്യശ്രദ്ധാകേന്ദ്രം ഗ്രീസ്‌മാനാവുമെന്നാണ് റിപ്പോർട്ടുകൾ. താരത്തെ പഴയ ഫോമിലേക്ക് കൊണ്ടുവരാൻ തനിക്ക് കഴിയുമെന്നാണ് കൂമാൻ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

You Might Also Like