നൈറ്റ് റൈഡേഴ്‌സ് അമേരിക്കയിലേക്ക്, മറ്റൊരു നിര്‍ണ്ണായക നീക്കം
ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അമേരിക്കയിലും ഫ്രാഞ്ചെസി സ്വന്തമാക്കുന്നു. വെസ്റ്റിന്‍ഡീസില്‍ വിജയകരമായി ടീമിനെ ഒരുക്കിയതിന് പിന്നാലെയാണ് അമേരിക്കയിലേക്കും ഷാറൂഖാന്റെ ഉടമസ്ഥതയിലുളള ടീം പുതിയ തട്ടകം ഒരുക്കുന്നത്.
2022ല്‍ ആരംഭിക്കാനിരിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ ടീം ഇറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഐപിഎല്‍, വെസ്റ്റ് ഇന്‍ഡീസില്‍ സിപിഎല്‍ എന്നീ ലീഗുകളിലാണ് ഫ്രാഞ്ചൈസിക്ക് നിലവില്‍ ടീമുകള്‍ ഉള്ളത്.
അമേരിക്കന്‍ മേജര്‍ ലീഗില്‍ ആറ് ഫ്രാഞ്ചൈസികളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. ഫ്രാഞ്ചൈസി ഉടമസ്ഥാവകാശത്തോടൊപ്പം ലീഗിലും ഇവര്‍ക്ക് പങ്കുണ്ടാവും. അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസര്‍ ആണ് മേജര്‍ ലീഗ് ക്രിക്കറ്റിന്റെ നടത്തിപ്പുകാര്‍. ഇവരുടെ ക്ഷണ പ്രകാരമാണ് നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസി അമേരിക്കയിലും ടീം വാങ്ങാന്‍ തീരുമാനിച്ചത്.
പ്രധാനമായും രാജ്യത്ത് 6 രാജ്യാന്തര സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ മൂന്ന് സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങള്‍ നടക്കുക.
അമേരിക്കയിലെ ആദ്യ പ്രൊഫഷണല്‍ ടി-20 ലീഗ് ആണ് മേജര്‍ സോക്കര്‍ ലീഗ്. 2005ല്‍, മുന്‍ ദേശീയ താരങ്ങളായ റോബിന്‍ സിംഗ്, കോളിന്‍ മില്ലര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രോക്രിക്കറ്റ് എന്ന ടി-20 ലീഗിന്റെ ആലോചനകള്‍ക്ക് തുടക്കം കുറിച്ചെങ്കിലും നടപ്പായില്ല. 2008ല്‍ ജേ മിര്‍ എന്ന ന്യൂയോര്‍ക്ക് വ്യവസായിയുടെ അമേരിക്കന്‍ പ്രീമിയര്‍ ലീഗും കടലാസില്‍ ഒതുങ്ങി. 2010ല്‍ ന്യൂസീലന്‍ഡ് ക്രിക്കറ്റുമായി ചേര്‍ന്ന് നടത്തിയ ശ്രമവും പാജയപ്പെട്ടു.
2016ല്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ സെന്റ് ലൂസിയ സൂക്‌സുമായി ചേര്‍ന്ന് ടി-20 ലീഗ് ആരംഭിക്കാനും യുഎസ്എ ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിച്ചു. അതും പരാജയപ്പെട്ടതിനു പിന്നാലെയാണ് മേജര്‍ ലീഗ് ക്രിക്കറ്റ് ആരംഭിക്കാനൊരുങ്ങുന്നത്.