താന്‍ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, തുറന്നടിച്ച് സഞ്ജു

Image 3
CricketFeaturedWorldcup

ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഇത്തവണ തെരഞ്ഞെടുക്കപ്പെടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. പ്രമുഖ കായിക ചാനലായ സ്റ്റാര്‍ സ്‌പോട്‌സിനോട് സംസാരിക്കുമ്പോഴാണ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യം സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത്.

‘ടി20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നെ സംബന്ധിച്ച് വൈകാരികമായിരുന്നു. സത്യസന്ധമായി പറയുകയാണെങ്കില്‍ തീര്‍ത്തും ഞാന്‍ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ മാത്രം അടുത്തല്ല എന്നനെക്ക് ബോധ്യമുണ്ടായിരുന്നു. അതിനാല്‍ തന്നെ ലോകകപ്പ് ടീമിലെത്താന്‍ ഈ ഐപിഎല്ലില്‍ ശരിക്കും എന്തെങ്കിലും ഞാന്‍ ചെയ്യണമെന്ന് അറിയാമായിരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഫോണ്‍ പൂര്‍ണ്ണമായും ഞാന്‍ ഓഫാക്കി വെച്ചു. കളിയില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധകേന്ദ്രീകരിച്ചത്’ സഞ്ജു സാംസണ്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനിക്കുന്നതായും ലോകകപ്പില്‍ കളികള്‍ ജയിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി എന്തെങ്കിലും ചെയ്യണമെന്നും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഐപിഎല്‍ 17ാം സീസണില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായി അഞ്ഞൂറിലധികം റണ്‍സ് സ്‌കോര്‍ ചെയ്ത സഞ്ജു മറ്റൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പിന്നിലാക്കുകയും ചെയ്തിരുന്നു.

മാത്രമല്ല സഞ്ജു നയിച്ച രാജസ്ഥാന്‍ റോല്‍സ് പ്ലേ ഓഫില്‍ രണ്ടാം ക്വാളിഫയര്‍ വരെ എത്തുകയും ചെയ്തു. ഇതോടെ സഞ്ജുവിന്റെ നായക ശേഷിയും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച വിഷയമായി.