ഒടുവിലതിന്  തീരുമാനമായി! ക്ളോപ്പ് ലിവർപൂൾ  വിടും.

Image 3
EPLFootball

ലിവർപൂളിന്  ചാമ്പ്യൻസ് ലീഗും പ്രീമിയർലീഗും  നേടിക്കൊടുത്ത  എക്കാലത്തെയും മികച്ച പരീശിലകനായി  ഇംഗ്ലീഷ് ഫുട്ബോളിൽ തന്റെ കയ്യൊപ്പ് ചാർത്തിയിരിക്കുകയാണ് ജർഗൻ ക്ളോപ്പ്. എന്നാൽ ഇപ്പോൾ ലിവർപൂളിലെ തന്റെ ഭാവിയെക്കുറിച്ച്  തുറന്ന് പറഞ്ഞിരിക്കുകയാണ്  ജർമൻ  പരിശീലകൻ.

2019ൽ ഒപ്പുവെച്ച  നിലവിലുള്ള  കരാറിൽ 2024 വരെയാണ് ലിവർപൂളിൽ  ജർഗൻ ക്ളോപ്പിന്റെ  കാലാവധി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇതു കഴിയുന്നതോടെ ഇംഗ്ലണ്ട് വിടുമെന്നാണ് ക്ളോപ്പിന്റെ പുതിയ തീരുമാനം. ഈ കാലയളവിൽ ലിവർപൂളിന് മുപ്പത് വർഷമായി അന്യം നിന്നിരുന്ന പ്രീമിയർ ലീഗ് കിരീടമെന്ന ചരിത്രനിമിഷത്തിനു വേദിയൊരുക്കാൻ ജർഗൻ ക്ളോപ്പിനു സാധിച്ചു.

ഫുട്ബോളിൽ ലിവര്പൂളിന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് ക്ളോപ്പ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 2024 വരെയുള്ള കാലയളവിൽ മികച്ച ഫുട്ബോൾ കാഴ്ചവെക്കാൻ ലിവർപൂളിന് വേണ്ടി പരിശ്രമിക്കുമെന്നും ക്ളോപ്പ് അഭിപ്രായപ്പെട്ടു. പുതിയ സീസണെ പറ്റിയാണ് ഇപ്പോഴത്തെ ചിന്തയെന്നും ക്ളോപ്പ് കൂട്ടിച്ചേർത്തു.

ലിവർപൂളിലെ കരാറിനു ശേഷം സ്വന്തം ജന്മനാട്ടിലേക്ക് തിരിച്ചു പോവാനാണ് ക്ളോപ്പിൻറെ തീരുമാനം. തന്റെ ആദ്യ ക്ലബായ മെയിൻസിനു വേണ്ടിയായിരിക്കും ഇനി പരിശീലകവേഷം അണിയുകയെന്നും ക്ളോപ്പ് വ്യക്‌തമാക്കി. ജർമനിക്കു വേണ്ടി പരിശീലിപ്പിക്കാനുള്ള ആഗ്രഹം തുറന്ന് പറയാനും ക്ളോപ്പ് മടിച്ചില്ല. ഇതൊന്നും സാധിച്ചില്ലെങ്കിൽ ഒരു വർഷം വെറുതെയിരിക്കാനാണ് താത്പര്യമെന്നും ക്ളോപ്പ് കൂട്ടിച്ചേർത്തു.