ജർമൻ പരിശീലകസ്ഥാനത്തേക്ക് ക്ലോപ്പ്? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ക്ലോപ്പ്

സ്പെയിനുമായി നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ ജർമനിക്ക് ആറു ഗോളുകളുടെ നാണംകേട്ട തോൽവി രുചിക്കേണ്ടി വന്നിരുന്നു. 90 വർഷത്തെ അന്താരാഷ്ട്ര ഫുട്ബോളിൽ ആദ്യമായാണ് ജർമനിയുടെ ചരിത്രത്തിൽ ഇത്രയും വലിയ തോൽവി രുചിക്കേണ്ടി വന്നിരിക്കുന്നത്. എന്നാൽ ഈ തോൽവി നിലവിലെ പരിശീലകനായ ജോക്കിം ലോക്ക് വലിയ സമ്മർദ്ദമാണുണ്ടാക്കിയിരിക്കുന്നത്.
ഈ തോൽവിയിലും അടുത്ത സമ്മറിൽ നടക്കാനിരിക്കുന്ന യൂറോക്ക് തയ്യാറെടുക്കുന്ന ജോക്കിം ലോയിലുള്ള ജർമൻ ഫുട്ബോൾ അസോസിയേഷന്റെ വിശ്വാസത്തിനു കുറവുണ്ടായിട്ടില്ലെങ്കിലും പുതിയ പരിശീലകൻ ആരാവുമെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന നാമമാണ് ലിവർപൂൾ പരിശീലകനായ ജർഗെൻ ക്ളോപ്പിന്റേത്.
Plenty of people in Germany want Jurgen Klopp to manage the national team 🇩🇪
— GOAL News (@GoalNews) November 21, 2020
ലിവർപൂളിന്റെ 30 വർഷത്തിന്റെ ലീഗ് വരൾച്ച മാറ്റിക്കൊടുത്ത ക്ലോപ്പ് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. ഡോർട്മുണ്ട് പരിശീലകനായിരുന്ന സമയത്ത് തന്നെ ജർമനിക്ക് ക്ളോപ്പിൽ താത്പര്യമുണ്ടായിരുന്നു. എന്നാൽ ജർമൻ പരിശീലകസ്ഥാനത്തേക്കുള്ള ഇത്തരം അഭ്യൂഹങ്ങൾക്ക് ക്ളോപ്പ് തന്നെ മറുപടി നൽകിയിരിക്കുകയാണ്. ലൈസസ്റ്ററുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ക്ളോപ്പ് മനസുതുറന്നത്.
” ചിലപ്പോൾ ഭാവിയിലുണ്ടായേക്കാം. എന്നാൽ ഇപ്പോഴില്ല. കാരണം എനിക്കിപ്പോൾ തീരെ സമയമില്ല. എനിക്കും ഒരു ജോലിയുണ്ട്. വളരെ ഗൗരവമുള്ള ജോലിയെന്നു വേണമെങ്കിൽ പറയാം. ആരെങ്കിലും ഇതിനെക്കുറിച്ചു എന്നോട് ആവശ്യപ്പെട്ടതായി അറിയില്ല. അവർക്ക് അറിയില്ലെങ്കിൽ എനിക്കു ലിവർപൂളിൽ ഒരു ജോലിയുണ്ടെന്നാണ് എനിക്കവരോട് പറയാനുള്ളത്: ലിവർപൂളിൽ ഒരു മോശം കാലാവസ്ഥയാണെങ്കിലും. എനിക്കത് ഇഷ്ടമാണെങ്കിലും ഇവിടെ എനിക്കു ഒരുപാട് കാര്യങ്ങളിൽ ഉത്തരവാദിത്വമുണ്ട്. അതു കൊണ്ടു തന്നെ മറ്റൊരു വെല്ലുവിളിക്കു പിന്നാലെ ഞാൻ പോവില്ല. ” ക്ളോപ്പ് വ്യക്തമാക്കി.