തോൽവിക്കു കാരണം താരങ്ങളുടെ തളർച്ച, ബ്രൈറ്റൻ നന്നായി കളിച്ചുവെന്നു ക്ളോപ്പ്‌

സ്വന്തം തട്ടകമായ ആൻഫീൽഡിൽ ബ്രൈറ്റണുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനു എതിരില്ലാത്ത ഒരു ഗോളിന്റെ അപ്രതീക്ഷിതതോൽവി രുചിക്കേണ്ടി വന്നിരിക്കുകയാണ്. സ്റ്റീഫൻ അൽസേറ്റിന്റെ ഏക ഗോളിലാണ് ബ്രൈറ്റൺ മികച്ച വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിലെ തുടക്കത്തിൽ നേടിയ ഗോളിനു ശേഷം മികച്ച രീതിയിൽ ലിവർപൂളിന്റെ അക്രമണങ്ങളെ പ്രതിരോധിച്ചതാണ് ബ്രൈറ്റനു തകർപ്പൻ വിജയം സമ്മാനിച്ചത്.

ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി ലിവർപൂളിന്റെ വ്യത്യാസം ഏഴായി ഉയർന്നിരിക്കുകയാണ്. സിറ്റിക്കു ഇനിയും ഒരു മത്സരം കൂടിയ ബാക്കിയുണ്ട്. വരുന്ന ഞായറാഴ്ച സിറ്റിയുമായി മത്സരം നടക്കാനിരിക്കെ ബ്രൈറ്റനുമായുള്ള ഈ തോൽവി ലിവർപൂളിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഈ തോൽവി കിരീടസാധ്യത ഇല്ലാതാക്കിയെന്നും കൂടുതൽ ക്ഷീണിതരായി കാണപ്പെട്ടുവെന്നും ക്ലോപ്പ് മത്സരശേഷം അഭിപ്രായപ്പെട്ടു.

“കുറേ കാലങ്ങൾക്കു ശേഷമാണ് ഞങ്ങൾ ഇങ്ങനെ തളർന്ന രീതിയിൽ കാണപ്പെടുന്നത്. മാനസികമായും തളർച്ച പ്രകടമായിരുന്നു. അത് കാലിലേക്കും പടരുകയായിരുന്നു. ഇതൊരു ബുദ്ദിമുട്ടേറിയ ആഴ്ചയായിരുന്നു. ഞങ്ങൾ അത്ര ഉന്മേഷത്തോടെയല്ല കളിച്ചത്. എന്നുവെച്ചാൽ ബ്രൈറ്റന്റെ ഫോർമേഷൻ തകർക്കാൻ ആ ഉന്മേഷം മതിയാവുമായിരുന്നില്ല.”

“ഞങ്ങൾ മികച്ച എതിരാളികൾക്കെതിരെയാണ് കളിച്ചത്. ഈ ആഴ്ച ഞങ്ങൾക്ക് വളരെ കടുപ്പമേറിയതായിരുന്നു. അവർക്ക് ഒരു മികച്ച പ്ലാൻ ഉണ്ടായിരുന്നു. അവർക്കായിരുന്നു വിജയം അർഹിച്ചിരുന്നത്. പക്ഷെ ഞങ്ങളും നന്നായി കളിക്കാൻ തന്നെയാണ് ആഗ്രഹിച്ചിരുന്നത്. ചില സമയത്ത് പാസുകൾ കൃത്യസ്ഥലത്തു എത്താതെ പോയി. ഈ തോൽവിക്കു ഒരു വിശദീകരണം പറയാനില്ല. ലണ്ടനിലെ രണ്ടു കളികൾക്ക് ശേഷമാണ് ഞങ്ങൾ ഇന്ന്‌ കളിക്കാനിറങ്ങുന്നത്. ഞങ്ങൾക്ക് ഇന്ന്‌ ക്രിയാത്മകമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. അവർക്ക് ഗോൾ നേടാനായി. ഞങ്ങൾക്ക് സാധിച്ചില്ല. ” ക്ലോപ്പ് പറഞ്ഞു

You Might Also Like