ഇത് ചാമ്പ്യൻസ്‌ലീഗ് യോഗ്യതക്കേറ്റ കനത്ത തിരിച്ചടി, ചെൽസിക്കെതിരായ തോൽവിയെക്കുറിച്ച് ക്ലോപ്പ് പറയുന്നു

പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ തോൽവി ലിവർപൂളിന് തുടർക്കഥയാവുകയാണ്. ചെൽസിക്കെതിരായി ആൻഫീൽഡിൽ വെച്ചു നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവിയേറ്റുവാങ്ങിയിരിക്കുകയാണ് ലിവർപൂൾ. ചെൽസിക്കായി 42ആം മിനുട്ടിൽ മേസൺ മൗണ്ടാണ് ലിവർപൂളിന്റെ വലകുലുക്കിയത്.

ലിവർപൂളിന്റെ അക്രമണങ്ങളെ മികച്ച രീതിയിൽ തടയിട്ടതോടെ ചെൽസി വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. ഇതോടെ ടോപ് 4ൽ എത്താനുള്ള ലിവർപൂളിന്റെ മോഹങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. മൂന്നര വർഷമായി സ്വന്തം തട്ടകത്തിൽ തോൽവിയറിയാതെ മുന്നേറിയിരുന്ന ക്ലബ്ബായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ക്ളോപ്പിന്റെ ലിവർപൂൾ. ആ മേധാവിത്വമാണ് കുറച്ചു മത്സരങ്ങളായി ലിവർപൂളിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

ഇതോടെ ചാമ്പ്യന്മാരായ ശേഷം തുടർച്ചയായി സ്വന്തം തട്ടകത്തിൽ അഞ്ചു മത്സരങ്ങൾ തോൽക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് ലിവർപൂൾ. ഈ തോൽവിയോടെ ഏഴാം സ്ഥാനത്തു തുടരുകയാണ് ലിവർപൂൾ. ഈ തോൽവി വലിയ അടി തന്നെയാണെന്നാണ് മത്സര ശേഷം ക്ളോപ്പ്‌ തന്നെ വ്യക്തമാക്കിയത്. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇതൊരു വലിയ തിരിച്ചടി തന്നെയാണ്.‌ ഇതു ഇവിടെ അവസാനിക്കുന്നില്ല. പക്ഷെ കൂടുതൽ മത്സരങ്ങൾ ഞങ്ങൾ ജയിക്കാതിരിക്കുന്നിടത്തോളം ഞങ്ങൾക്ക് ഒന്നും പറയാനില്ല ഇതിനെക്കുറിച്ച്. ഈ അവസരത്തിൽ ചാമ്പ്യൻസ്‌ലീഗിനു കളിക്കാൻ പോലും ഞങ്ങൾക്ക് അവകാശമുണ്ടാവില്ല. ഞങ്ങൾക്ക് മത്സരങ്ങൾ ജയിക്കേണ്ടതുണ്ട്.അതിനായി മികച്ച പരിശ്രമം ആവശ്യമാണെന്ന് ഞങ്ങൾക്ക് അറിയാം. ബട്ട്‌ ഇന്നത്തേത്. അത്ര മികച്ചതായിരുന്നില്ല.” ക്ലോപ്പ് പറഞ്ഞു.

You Might Also Like