കിബുവിന്റെ കൈയ്യില്‍ മാജിക്ക് വടിയില്ല, ക്ലോപ്പ് ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്ന സന്ദേശം

Image 3
FootballISL

ഒരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ അടിത്തറയാണ് ഇന്ന് ആ ടീമിന്റെ പരിശീലകന്‍. ആ ടീം എങ്ങനെ കളിക്കണമെന്ന് തുടങ്ങി ആരെല്ലാം ആ ടീമില്‍ ഉള്‍പ്പെടണം, ആരെയെല്ലാം ഒഴിവാക്കണം, ആദ്യ 11ല്‍ ആര്‍ക്കൊക്കെ ഇടംകൊടുക്കണം, കളിക്കാര്‍ എവിടെയെല്ലാം കളിക്കണം എന്ന് വരെ തീരുമാനിക്കേണ്ടത് പരിശീലകനാണ്.

ലോകപ്രശസ്തരായ, അതിവിദഗ്ദരായ അനേകം പരിശീലകരെ ഫുട്‌ബോള്‍ ലോകം ഇതിനോടകം തന്നെ ദര്‍ശിച്ചിട്ടുണ്ട്. പെപ്പ് ഗാര്‍ഡിയോളയും യുര്‍ഗന്‍ ക്ലോപ്പും, മൗറീഞ്ഞോയുമെല്ലാം പരിശീലകര്‍ എന്ന നിലയില്‍ അത്ഭുതം കാട്ടിയവരാണ്. അതിനാല്‍ തന്നെ ഏതൊരു കളിക്കാരനേക്കാളും ഇന്ന് ഫുട്‌ബോള്‍ ക്ലബുകള്‍ തേടുന്നത് ഇത്തരമൊരു പരിശീകലകരെയാണ്. ഒരു നല്ല കോച്ചിന് പരിമിതമായ വിഭവങ്ങള്‍ കൊണ്ട് തന്നെ അത്ഭുതം കാട്ടാനായേക്കും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലിവര്‍പൂളിന്റെ ഇപ്പോഴത്തെ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ.

പ്രീമിയര്‍ ലീഗില്‍ 30 വര്‍ഷത്തിന് ശേഷം ലിവര്‍പൂളിനെ കിരീടനേട്ടത്തിലെത്തിച്ചത് മാത്രമല്ല ക്ലോപ്പിനെ വ്യതസ്തനാക്കുന്നത്. വലുതും ചെറുതുമാകട്ടെ ക്ലോപ്പ് മുമ്പ് പരിശീലിപ്പിച്ച ക്ലബുകളിലെല്ലാം ഈ അത്ഭുതം ആവര്‍ത്തിച്ചിട്ടുണ്ട്. പരിമിതമായ വിഭവങ്ങള്‍കൊണ്ടാണ് ആദ്യ കാലങ്ങളില്‍ ക്ലോപ്പ് അവിശ്വസനീയ നേട്ടങ്ങള്‍ കൊയ്തത്.

ക്ലോപ്പ് ആദ്യ കോച്ചായ ജര്‍മന്‍ ക്ലബ് മെയിന്‍സ് എഫ്‌സിയ്ക്ക് ചരിത്രത്തിലാദ്യമായി ബണ്ടസ് ലീഗ പ്രവേശനവും സാമ്പത്തിക പ്രതിസന്ധിയില്‍ തര്‍ന്ന ബെറൂസിയക്ക് ജര്‍മ്മന്‍ കപ്പും ബുണ്ടസ് ലീഗയും ക്ലോപ്പ് സമ്മാനിച്ചു. ക്ലോപ്പ് എത്തും മുമ്പ് അദ്ദേഹം പരിശീലിപ്പിച്ച എല്ലാ ടീമും പ്രതിസന്ധിയലായിരുന്നു എന്നതാണ് ഏറെ രസകരവും ശ്രദ്ധേയവും.

കുറ്റമറ്റതും ശാസ്ത്രീയവുമായ പരിശീലനത്തിലൂടെയാണ് ക്ലോപ്പ് ഈ അത്ഭുതം സാധിച്ചത്. മാത്രമല്ല ആരാധകരും മാനേജുമെന്റും ഫലം ലഭിക്കാന്‍ ക്ഷമയോടെ കാത്തിരുന്നതും ക്ലോപ്പിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ഒരോ സീസണ്‍ കഴിയുമ്പോഴും പടിപടിയായിട്ടാരുന്നു ക്ലോപ്പ് താന്‍ പരിശീലിപ്പിച്ച എല്ലാ ടീമുകളേയും ഉയര്‍ത്തികൊണ്ട് വന്നത്. ഒടുവില്‍ ആരാധകരും മാനേജുമെന്റും കാത്തിരുന്ന ലക്ഷ്യങ്ങള്‍ ക്ലോപ്പും ടീമംഗങ്ങളും കൈപിടിയില്‍ ഒതുക്കുരകയും ചെയ്തു.

ലിവര്‍പൂളിന്റെ ചരിത്രം തന്നയെടുത്താന്‍ അഞ്ച് സീസണിന്റെ ശ്രമത്തിന് ഒടുവിലാണ് ക്ലോപ്പ് അവരെ കിരീടത്തിലെത്തിച്ചത്. ആദ്യ സീസണില്‍ ബ്രണ്ടന്‍ റോഡ്രിഗസിന് പകരക്കാരനായി പരിശീലക കുപ്പായം അണിഞ്ഞ ക്ലോപ്പ് ടീമിനെ എട്ടാം സ്ഥാനത്താണ് എത്തിച്ചത്. എന്നാല്‍ ക്ലോപ്പിന്റെ ക്വാളിറ്റി മനസ്സിലാക്കിയ മാനേജുമെന്റ് അദ്ദേഹവുമായുളള കരാര്‍ 2022 വരെ നീട്ടുകയായിരുന്നു. ഇതോടെ പടിപടിയായി ടീമിനെ ഉയര്‍ത്തികൊണ്ട് വരാന്‍ ക്ലോപ്പിനായി.

2016-17 2017-18 സീസണുകളില്‍ നാലാം സ്ഥാനവും 2018-19 സീസണില്‍ രണ്ടാം സ്ഥാനത്തും ഒടുവില്‍ 30 വര്‍ഷത്തിന് ഇപ്പുറം പ്രീമിയര്‍ ലീഗില്‍ മുത്തമിടുകയും ചെയ്തു. അതായത് അഞ്ച് വര്‍ഷത്തെ ഫലമാണ് ഒരു കിരീടനേട്ടമെന്ന് സാരം. ബ്ലാസ്റ്റേഴ്‌സിനെ പോലുളള ക്ലബുകള്‍ക്ക് ഇതില്‍ വലിയ പാഠമുണ്ട്.

കഴിഞ്ഞ ആറ് സീസണുകളിലായി ഐഎസ്എല്ലില്‍ മുത്തമിടാന്‍ പറ്റാത്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ മൂന്ന് സീസണകളില്‍ രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ ടീമിന് പിന്നീട് പ്ലേഓഫില്‍ പോലും കയറാനാകാതെ പോയി. ഈ സാഹചര്യത്തിലാണ് കിബു വികൂനയെ പോലെയുളള ദീര്‍ഘദൃഷ്ടിയുളള പരിശീലകന്‍ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനാകുന്നത്. കിബിവിന് കൂടുതല്‍ സമയം അനുവദിക്കുക എന്നതാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റും ആരാധകരും പ്രാഥമികമായി ചെയ്യേണ്ടത്. ആറ് സീസണിനിടെ ഒന്‍പത് പരിശീലകരെ പുറത്താക്കി ചീത്തപ്പേരുളള ടീമാണ് നമ്മുടേത്. പെട്ടെന്ന് റിസള്‍ട്ട് ആഗ്രഹിക്കുന്ന മാനേജുമെന്റും ആരാധകരും ബ്ലാസ്റ്റേഴ്‌സിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുന്നത്. കുറഞ്ഞത് മൂന്ന് സീസണിലെങ്കിലും കിബുവിനെ വിശ്വാസമര്‍പ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായാല്‍ അതൊരു വിപ്ലവത്തിന് തന്നെയാകും തുടക്കമിടുക.

ഒരു പരിശീലകന്റെ കൈയ്യിലം മാജിക്ക് വടികളില്ല. അവരെ വിശ്വാസമര്‍പ്പിക്കുന്ന മാനേജുമെന്റും ആരാധകരും കളിക്കാരുമല്ലാതെയെന്ന തത്വം എല്ലാവരും ഓര്‍ത്താല്‍ നന്ന്. യുര്‍ഗണ്‍ ക്ലോപ്പ് ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്ന സന്ദേഷവും അതുതന്നെയാണ്.