ലിവർപൂൾ സൂപ്പർതാരം ക്ലബ്ബ് വിടാനൊരുങ്ങുന്നു, പകരക്കാരനെ കണ്ടെത്തി ക്ളോപ്പ്‌

Image 3
EPLFeaturedFootball

ലിവർപൂൾ പരിശീലകനായ ജർഗെൻ ക്ളോപ്പ്‌ ക്ലബ്ബിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു താരമാണ് ഹോളണ്ട്  മധ്യനിരതാരം  ഗിനി വൈനാൽഡം. താരവുമായുള്ള കരാർ പുതുക്കൽ ചർച്ചകൾ പരാജയമായതോടെ ഈ സീസൺ അവസാനം ക്ലബ്ബ് വിടാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സ പരിശീലകനായ റൊണാൾഡ്‌ കൂമാനും താരത്തിൽ  താത്പര്യം പ്രകടിപ്പിച്ചിരുന്നു.

തിയാഗോയുടെ വരവോടെ  ഭാവിയിൽ അവസരങ്ങൾ കുറയുമെന്നത്തും വൈനാൽഡത്തെ ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്ന ഘടകമാണ് എന്നാൽ  വൈനാൽഡം ക്ലബ്ബ് വിടാൻ തീരുമാനിച്ചതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. പകരക്കാരനായി  പ്രീമിയർ ലീഗിലെ തന്നെ ബ്രൈട്ടൺ താരമായ യ്വെസ് ബിസൂമയെയാണ് ക്ളോപ്പ്‌ നോട്ടമിട്ടിരിക്കുന്നത്. ലിവർപൂൾ ആസ്ഥാനമായ മധ്യമമായ ലിവർപൂൾ എക്കോയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ബ്രൈട്ടന്റെ  മധ്യനിരയിലെ ഹൃദയമായ മാലി താരം  ബിസൂമ  2018ലാണ്  ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിൽ നിന്നും പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നത്. പിന്നീട് ബ്രൈട്ടന്റെ മധ്യനിരയിൽ ഊർജസ്വലമായ പോരാട്ടം കാഴ്ചവെച്ചതോടെ ക്ളോപ്പിന്റെ ശ്രദ്ധ താരത്തിൽ പതിയുകയായിരുന്നു. മാലിക്കായി പതിനാറു മത്സരങ്ങൾ കളിക്കുകയും മൂന്നു ഗോലുകളും ബിസൂമ നേടിയിട്ടുണ്ട്.

ക്ളോപ്പിന്റെ ലിവർപൂളിൽ മധ്യനിരയിലെ പ്രധാനിയായിരുന്ന വൈനാൽഡത്തിന്റെ സ്വാഭാവിക പകരക്കാരനായാണ് ഇരുപതിനാലുകാരൻ ബിസൂമയെ കണക്കാക്കുന്നത്. ഈ സീസണിൽ ഒമ്പതു മത്സരങ്ങളിൽ നിന്നായി ഇതിനകം മൂന്നു മഞ്ഞക്കാർഡുകളും ഒരു ചുവപ്പുകാർഡും സ്വന്തമാക്കിയത് താരത്തിന്റെ മധ്യനിരയിലെ കരുത്തുറ്റ പ്രകടനത്തെ വിളിച്ചോതുന്ന കാര്യമാണ്. 2023 വരെ ബ്രൈട്ടണുമായി കരാറുള്ള ബിസൂമക്ക് പിന്നാലെ ലിവർപൂൾ മാത്രമല്ല ഉള്ളത്. പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു വമ്പന്മാരായ ആഴ്സണലും ലിവർപൂളിന് മത്സരവുമായി പിറകിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.